ഷൊർണൂർ: തച്ചനാട്ടുകര കുടിവെള്ള പദ്ധതി പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് കുറഞ്ഞ ടെണ്ടർ നൽകിയിട്ടും കരാർ ലഭിച്ചില്ലെന്ന പരാതിയിൽ വീണ്ടും ഹൈക്കോടതി ഉത്തരവ്. ടെൻഡർ നടപടികൾ തീരുമാനിച്ച കമ്മിറ്റിയംഗമായ പി.ടി. മുഹമ്മദ് യാസറിനോടും നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. ജല അതോറിറ്റി വടക്കൻ മേഖല ചീഫ് എൻജിനീയർ ഓഫീസിലെ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജരാണ് ഇദ്ദേഹം. നേരത്തെ ജല അതോറിറ്റി മാനേജിങ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, വടക്കൻ മേഖല ചീഫ് എൻജിനീയറുടെ ചുമതലയുള്ള സുധീപ്, തച്ചനാട്ടുകരയിലെ സൂപ്രണ്ടിങ് എൻജിനീയറുടെ ചുമതലയുള്ള പി.എ. സുമ എന്നിവരോട് ഹാജരാവാൻ ഉത്തരവിട്ടിരുന്നു.
തച്ചനാട്ടുകര കുടിവെള്ള പദ്ധതി പ്രവൃത്തി 51 കോടിക്കാണ് ടെണ്ടർ നൽകിയത്. ഏകദേശം 48. 50 കോടി രൂപയുടെ കുറഞ്ഞ ടെണ്ടർ നൽകിയ വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 2.58 കോടിയോളം രൂപ ലാഭിക്കാമായിരുന്നിട്ടും അനാവശ്യമായ സാങ്കേതിക തടസം പറഞ്ഞ് തന്റെ കുറഞ്ഞ ടെൻഡർ സ്വീകരിച്ചില്ലെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. ഇതേ തുടർന്ന് പരാതിക്കാരന്റെ ടെണ്ടർ കൊണ്ടുവരാൻ കോടതി ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകി. എന്നാൽ, ഓൺലൈനിൽ നൽകിയ ടെൻഡർ മൂന്ന് മാസം കഴിഞ്ഞാൽ നോക്കാനാകില്ലെന്ന സാങ്കേതിക തടസം അധികൃതർ ചൂണ്ടിക്കാട്ടി. അപ്പോൾ പരാതിക്കാരനോട് നേരിട്ട് ടെൻഡർ കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കോടതി ഈ ടെണ്ടർ തുറന്നപ്പോഴാണ് രണ്ടരക്കോടിയിലധികം കുറഞ്ഞ തുകയാണ് പരാതിക്കാരൻ നൽകിയതെന്ന് വ്യക്തമായത്. തുടർന്ന് ടെൻഡർ നിരസിക്കാൻ ബന്ധപ്പെട്ടവർ നൽകിയ തടസം നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി.
എന്നാൽ, കരാർ നൽകിയ നടപടികളുമായി ജല അതോറിറ്റി മുന്നോട്ട് പോയി. ഇത് കോടതിയലക്ഷ്യമായി കണക്കാക്കിയാണ് ബന്ധപ്പെട്ടവരോടെല്ലാം ഹാജരാകാൻ ഉത്തരവിട്ടിട്ടുള്ളത്. കോടതി പരാതിക്കാരന്റെ ടെണ്ടർ നേരിട്ട് വാങ്ങി തുറന്നിട്ടും ഇതിന് ശേഷം പരാതിക്കാരൻ വിവരാവകാശ നിയമ പ്രകാരം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ടെൻഡർ തുറന്നിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. ഇതും ഗുരുതരമായ തെറ്റാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഉന്നതങ്ങളിൽ നിന്നുള്ള സ്വാധീനം മൂലമാണ് കുറഞ്ഞ ടെൻഡർ നൽകിയത് സ്വീകരിക്കാതെ കൂടിയ തുകക്ക് ടെൻഡർ നൽകിയതെന്ന ആരോപണം ശക്തമാണ്. സംസ്ഥാന സർക്കാർ സാമ്പത്തിക പരാധീനത മൂലം വട്ടം കറങ്ങുമ്പോൾ ലാഭിക്കാമായിരുന്ന രണ്ടരക്കോടിയിലധികം നഷ്ടപ്പെടുത്തിയതിൽ ജനങ്ങൾക്കും അമർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.