ഷൊർണൂർ: ഷൊർണൂർ വ്യവസായ മേഖലയിൽ ഇടക്കിടെ വൈദ്യുതി നിലക്കുന്നത് സംരംഭകർക്ക് വൻ നഷ്ടമുണ്ടാക്കുന്നു. കാർഷികോപകരണങ്ങളും കത്തി, കത്രിക അടക്കമുള്ളവയും നിർമിക്കുന്ന കട്ലറി വ്യവസായ യൂനിറ്റുകളുമായി 167 കമ്പനികളാണ് ഷൊർണൂർ മേഖലയിലുള്ളത്. റെയിലിെൻറ കഷണം, വലിയ വാഹനങ്ങളുടെ ലീഫ് എന്നിവ ചൂടാക്കി അടിച്ചുപരത്തിയാണ് പലവിധ ഉപകരണങ്ങളുമുണ്ടാക്കുന്നത്. ഇരുമ്പു കഷണങ്ങൾ ചൂടാക്കാനുള്ള ഫർണസിൽ 20 കിലോ കരിനിറച്ച് അരമണിക്കൂർ കത്തിച്ചാലാണ് ഇരുമ്പ് അടിച്ചുപരത്താൻ പാകമാവുക. 20 കിലോ കരിക്ക് 750 രൂപയാണ് ഇപ്പോഴത്തെ വില. ഫർണസ് ചൂടായി വന്നതിന് ശേഷം വൈദ്യുതി നിലച്ചാൽ പത്ത് മിനിറ്റിനകം കരി പൂർണമായും വെണ്ണീറാകും. പിന്നീട് ഇത്രയും കരി വീണ്ടും നിറച്ചാലാണ് ഫർണസ് ചൂടായി കിട്ടുക.
ദിവസത്തിൽ പലതവണ വൈദ്യുതി പോവുന്നത് നഷ്ടം പലമടങ്ങാക്കുന്നു. ഇത്തരത്തിൽ ഫോർജിങ് യൂനിറ്റുള്ള 80 കമ്പനികൾ മേഖലയിലുണ്ട്. ശരാശരി ഒരു യൂനിറ്റിൽ നാല് ഫർണസുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിനായി അഞ്ച് ടൺ കരി ആവശ്യമാണ്. അതിനാൽ ഒരുതവണ പത്ത് മിനിറ്റിൽ കൂടുതൽ വൈദ്യുതി പോയാൽ മാത്രം 1,70,000 രൂപയോളം നഷ്ടം വരുമെന്ന് വ്യവസായികളുടെ അസോസിയേഷൻ ഭാരവാഹി സി.പി. ജയൻ പറഞ്ഞു. ഈ പ്രക്രിയ തുടരുന്നതിന് അധികമായി വേണ്ടിവരുന്ന കരി, തൊഴിൽ എന്നിവയും സമയനഷ്ടം, ഉൽപാദന നഷ്ടം എന്നിവയും കണക്കാക്കിയാൽ നഷ്ടം ഏറെയാണ്. അഗ്രികൾചർ ഇംപ്ലിമെൻറ്സ് ആൻഡ് മാനുഫാക്ചറേഴ്സ് അസോസിയേഷനും സിഡ്കോ ഇൻഡസ്ട്രിയൽ ഫോറത്തിനും പലതവണ പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ജയൻ കുറ്റപ്പെടുത്തി. ദിവസത്തിൽ പത്തോളം തവണയും ചിലപ്പോൾ അതിലധികവും വൈദ്യുതി പോകുന്നുണ്ട്. ഇത് വൈദ്യുതിയെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന പ്രിൻറിങ് പ്രസ് അടക്കമുള്ള സ്ഥാപനങ്ങളെയും ഏറെ വലക്കുന്നുണ്ട്. വലിയ ജനറേറ്റർ സംവിധാനമുള്ള ഭക്ഷ്യോൽപന്ന യൂനിറ്റുകളെയും പ്രശ്നം സാരമായി ബാധിക്കുന്നു. കച്ചവട സ്ഥാപനങ്ങളെയും മേഖലയിലെ വീട്ടുകാരെയും മുന്നറിയിപ്പില്ലാതെ വൈദ്യുതി പോകുന്നത് കുഴക്കുന്നുണ്ട്.
കാർഷികോപകരണ നിർമാണ യൂനിറ്റിലെ ഫർണസ് 11 കെ.വി ലൈനിലെ ഇൻസുലേറ്ററിനുണ്ടാകുന്ന പഞ്ചറാണ് വൈദ്യുതി ഇടക്കിടെ പോകുന്നതിന് കാരണമാകുന്നതെന്ന് വൈദ്യുതി വകുപ്പ് അസി. എൻജിനീയർ പറഞ്ഞു. ചിലപ്പോൾ ഇൻസുലേറ്റർ പൊട്ടിത്തെറിക്കാറുണ്ട്. അങ്ങനെ വരുമ്പോൾ കണ്ടുപിടിച്ച് പരിഹരിക്കാൻ എളുപ്പമാണ്. എന്നാൽ, ഇൻസുലേറ്ററിൽ സൂചി പഞ്ചർ ഉണ്ടായാൽ കണ്ടുപിടിക്കുക പ്രയാസമാണ്. പഞ്ചറിലൂടെ വെള്ളം ഇറങ്ങിയാൽ വൈദ്യുതി പോകും. വീണ്ടും ചാർജ് ചെയ്താൽ കുറച്ച് നേരം നിൽക്കുമെങ്കിലും വൈകാതെ വൈദ്യുതി വീണ്ടും പോകും. ഇത്തരത്തിൽ ജല അതോറിറ്റി ഓഫിസിനടുത്ത് സൂചി പഞ്ചറുണ്ടായത് കണ്ടുപിടിക്കാൻ വൈകിയതാണ് ദിവസങ്ങളോളം വൈദ്യുതിയുടെ ഒളിച്ചുകളിക്കിടയാക്കിയത്. ഇത് പരിഹരിച്ചതായും എൻജിനീയർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.