ഷൊർണൂർ: നഗരസഭ ആരോഗ്യവിഭാഗം എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഹോട്ടലുകളിലും എണ്ണക്കടികൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തി. പഴകിയ ഭക്ഷണ പദാർഥങ്ങൾ കണ്ടെത്തിയതും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതുമായ ഹോട്ടലുകൾ പൂട്ടിച്ചു. നഗരസഭ പരിധിയിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിലും റെയിൽവേ സ്റ്റേഷനിൽ നിന്നും വാങ്ങിയ ഉഴുന്നുവടയിൽ ചത്ത തവളയെ കണ്ട സാഹചര്യത്തിലുമാണ് നടപടി.
ഷൊർണൂർ ടൗണിലെ ബാലാജി ഹോട്ടൽ, റെയിൽവേ സ്റ്റേഷൻ പരിസരത്തും തെക്കേ റോഡിലുമുള്ള എണ്ണക്കടികൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ എന്നിവയാണ് പൂട്ടിച്ചത്. ഈ സ്ഥാപനങ്ങളെല്ലാം റെയിൽവേ സ്റ്റാളുകളിലേക്ക് ഭക്ഷണസാധനങ്ങൾ നൽകുന്നവയാണ്. ഭക്ഷ്യയോഗ്യമല്ലാത്തതും തലേദിവസം പാചകം ചെയ്തതുമായ ബീഫ്, മീൻകറി, പഴകിയ ചപ്പാത്തി, കാലാവധി കഴിഞ്ഞ ദോശമാവ് എന്നിവയാണ് ബാലാജി ഹോട്ടലിൽ കണ്ടെത്തിയത്.
ദിവസങ്ങളോളം ഉപയോഗിച്ച കറുത്ത നിറത്തിലുള്ള എണ്ണയും കണ്ടെത്തി. വൃത്തിഹീനമായ അടുക്കളയാണ് എല്ലാ സ്ഥാപനങ്ങളിലുമുള്ളത്. അടുക്കളയിൽ മലിനജലം കെട്ടി നിൽക്കുന്നതായും മാലിന്യം കൂട്ടിയിട്ടിരുന്നതായും ക്ലീൻ സിറ്റി മാനേജർ പറഞ്ഞു. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുമുണ്ടെന്നും മാനേജർ വ്യക്തമാക്കി. ഇനി ഒരു തീരുമാനമുണ്ടാകുന്നത് വരെ ഈ സ്ഥാപനങ്ങൾ അടച്ചിടാൻ നോട്ടീസ് നൽകി. ക്ലീൻ സിറ്റി മാനേജർ ടി.കെ. പ്രകാശൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഗിരിജ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.