ഷൊർണൂർ: പൗരാണിക കഥാപാത്രങ്ങൾക്ക് മാനുഷിക പരിവേഷം നൽകി സാധാരണക്കാരുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതമുഹൂർത്തങ്ങളെ വിന്യസിക്കുന്നതാണ് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ. എന്നാൽ, ഈ കൃതികളിലെ മുഖ്യ കഥാപാത്രങ്ങളിൽ ബഹുഭൂരിഭാഗവും പുരുഷന്മാരാണ്.
വിരലിലെണ്ണാവുന്ന നായിക കഥാപാത്രങ്ങളാണ് ഇദ്ദേഹത്തിെൻറ കൃതികളിലുള്ളത്. തുള്ളലിൽ നായിക കഥാപാത്രങ്ങൾക്ക് ശക്തമായൊരിടം നൽകാനുള്ള ശ്രമത്തിലാണ് കലാമണ്ഡലം ഷർമിള. സമൂഹത്തിലെ ഉച്ഛനീചത്വങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും നർമരസം കലർത്തി വിമർശനം ചൊരിഞ്ഞ കുഞ്ചൻ നമ്പ്യാർ, സ്ത്രീകളെ മുഖ്യ കഥാപാത്രങ്ങളാക്കാതിരുന്നതിലെ കുറവ് കൂടി പരിഹരിക്കണം എന്നാണ് തെൻറ ആഗ്രഹമെന്ന് ഓട്ടന്തുള്ളലിലെ ഇളമുറക്കാരിയായ ഷർമിള പറയുന്നു.
ഇതിവൃത്തം ലോകപ്രസിദ്ധമായിരിക്കണമെന്നുള്ള വിധിയനുസരിച്ച്കൊണ്ട് ദേവീമാഹാത്മ്യം പഞ്ചമസ്കന്ധത്തിലെ ശുഭനിശുംഭ വധമാണ് ഇതിവൃത്തമായി സ്വീകരിച്ചത്. കാളികാ ദൗത്യം എന്ന കഥയാണ് ഷർമിള ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നത്. ആനുകാലികമായി നിലനിൽക്കുന്ന മിക്ക അഹിതങ്ങളെയും തുള്ളലിൽ വിമർശിക്കുന്നുണ്ട്.സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയും പുതിയ തുള്ളൽ കഥ സംവദിക്കുന്നു.
തുള്ളൽ അവതരണത്തിലും അധ്യാപനത്തിലും ഇതിനകം പേരെടുത്തു കഴിഞ്ഞ ഷർമിളയാണ് പുതിയ കൃതിയുടെ രചനയും സംവിധാനവും അവതരണവും നടത്തുന്നത്. കലാമണ്ഡലം കവിത (വായ്പ്പാട്ട്), കലാമണ്ഡലം രാജീവ് സോന (മൃദംഗം), കലാമണ്ഡലം അരുൺദാസ് (ഇടയ്‌ക്ക) എന്നിവരാണ് പിന്നണിയിൽ അകമ്പടി സേവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.