ഷൊർണൂർ: പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം യാത്രക്കാർ വലയുന്നു. ടാറിങ് നടത്തേണ്ട സമയത്ത് കലുങ്ക് പുതുക്കിപ്പണിയാൻ തീരുമാനിച്ചതാണ് ജനങ്ങളെ വലക്കാനിടയാക്കിയത്.
കുളപ്പുള്ളി-എലിയപ്പറ്റ റോഡ് ഇതിനായി അടച്ചതോടെയാണ് കയിലിയാട്, ചളവറ, ചെർപ്പുളശ്ശേരി, വല്ലപ്പുഴ ഭാഗങ്ങളിലേക്ക് ദിനംപ്രതി യാത്ര ചെയ്യേണ്ട ആയിരങ്ങൾ ദുരിതത്തിലായത്.
എൻജിനീയറിങ്ങിലെ പിഴവും ദീർഘവീക്ഷണമില്ലായ്മയും കാരണം വർഷങ്ങൾക്ക് മുമ്പ് കരാർ നൽകിയ പ്രവൃത്തി എവിടെയുമെത്തിയിട്ടില്ല.
ഗ്രാനുലാർ സബ് ബെയ്സ് അടക്കം ആധുനിക രീതിയിലാണ് റോഡ് പുതുക്കിപ്പണിയുന്നത്. അഴുക്കുചാൽ, കലുങ്കുകൾ, അരിക് ഭിത്തി, റോഡിെൻറ പ്രതലം ഉയർത്തൽ എന്നീ പ്രവൃത്തികളൊക്കെ പൂർത്തീകരിച്ച് വേണം ടാറിങ് തുടങ്ങാൻ. എന്നാൽ, പലയിടത്തും പ്രാഥമിക പ്രവൃത്തികൾ നടത്താത്തതാണ് പ്രശ്നമായത്.
അടിസ്ഥാന പ്രവൃത്തിയായി പത്ത് കലുങ്കുകൾ പുതുക്കി പണിയണമായിരുന്നു. വർഷങ്ങളെടുത്ത് പലപ്പോഴാണ് എട്ടെണ്ണം പണിതത്. ഇപ്പോൾ ഉപരിതലം ശരിയാക്കുന്ന പണി ചിലയിടങ്ങളിൽ പുരോഗമിക്കുന്നതിനിടയിലാണ് കുളം സ്റ്റോപ്പിനടുത്ത കലുങ്ക് പൊളിച്ച് പണിയണമെന്ന ബോധോദയം അധികൃതർക്കുണ്ടായത്. കഴിഞ്ഞദിവസമാണ് ഈ കലുങ്ക് വാർത്തത്. ഇനി ഒരു മാസം കഴിയാതെ ഇതിലൂടെ ഗതാഗതം സാധ്യമല്ല.
പുതിയതായി നിർമിച്ച കോൺക്രീറ്റ് അഴുക്കുചാലുകൾ റോഡിെൻറ ഉപരിതലം ഉയർത്തിയതോടെ ഏറെ താഴ്ചയിലായി. അഴുക്കുചാലിന് റോഡിെൻറ ഉയരം വരുത്താൻ കമ്പി പോലും ഉപയോഗിക്കാതെ ഈ ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ. ഇത് 200 മീറ്ററോളം ഭാഗത്ത് ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇനിയും അരിക് ഭിത്തികൾ നിർമിക്കാനുമുണ്ട്.
വഴിതിരിച്ച് വിട്ട റോഡിെൻറ സ്ഥിതി അതിലും ദയനീയമാണ്. കുളപ്പുള്ളി തൃപ്പുറ്റക്കാവ് റോഡ് വഴി കയിലിയാട്ടേക്ക് കയറേണ്ട റോഡ് വളരെ ഇടുങ്ങിയതും ദുർഘടവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.