ഷൊർണൂർ: റെയിൽവെ സ്റ്റേഷന് മുന്നിൽനിന്ന് ടൗണിലേക്കുള്ള പുതിയ റോഡിന്റെ നിർമാണം തുടങ്ങി. ഇതിനായി ഉയർന്നുനിൽക്കുന്ന മൺതിട്ട ഇടിച്ചുതാഴ്ത്തി നിരപ്പാക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. റെയിൽവെ സ്റ്റേഷന് മുന്നിലുള്ള അപ്സര ഹോട്ടൽ മുതൽ റെയിൽവെ ആശുപത്രി വരെ നാനൂറ് മീറ്റർ ഭാഗത്താണ് പുതിയ റോഡ് പണിയുന്നത്.
ഈ പ്രവൃത്തി റെയിൽവെ നേരിട്ടാണ് നടത്തുന്നത്. ഇതിന് മുമ്പായി സർവേ നടപടികൾ പൂർത്തിയായി. സർവേ പ്രകാരം എസ്.എം.പി ജങ്ഷൻ മുതൽ അപ്സര ഹോട്ടൽ വരെ റോഡ് ഭാഗം പി.ഡബ്ല്യു.ഡിയുടെയും ഇവിടെ നിന്ന് റെയിൽവെ ആശുപത്രി വരെയുള്ള ഭാഗം റെയിൽവെയുടേതുമാണെന്നും കണ്ടെത്തിയിരുന്നു.
റെയിൽവെ സ്റ്റേഷന് സമാന്തരമായി കൂനൻമുക്ക്, റെയിൽവെ ആശുപത്രി വഴിയാണ് നിലവിൽ ടൗണിലേക്ക് റോഡുള്ളത്. പുതിയ റോഡ് പൂർത്തിയായാൽ ടിക്കറ്റ് കൗണ്ടർ മുതൽ റെയിൽവെ ആശുപത്രി വരെ പൊതുവഴിയില്ലാതാകും. ഈ ഭാഗത്ത് പാർക്കിങ്ങും അനുബന്ധ സൗകര്യമൊരുക്കാനുമാണ് റെയിൽവേ ലക്ഷ്യം. പാഴ്സൽ ബുക്കിങ് കൗണ്ടർ പഴയ റോഡരികിലാണുള്ളത്. നിലവിലെ റോഡ് വീതി കുറഞ്ഞതാണ്. മാത്രമല്ല, കൂനൻമുക്കിൽ അപകടകരമായ കൊടുംവളവുമാണ്. ഈ പ്രശ്നം പുതിയ റോഡ് വരുന്നതോടെ ഒഴിവാകും. ബസ് സ്റ്റാൻഡിൽനിന്ന് കാൽനടയായി റെയിൽവെ സ്റ്റേഷനിലേക്കുള്ള ദൂരം കുറച്ച് കുറയുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.