ഷൊർണൂർ: ദിനംപ്രതി നൂറ് കണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന ഷൊർണൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ നിലച്ചു. നഴ്സുമാരില്ലാത്തതാണ് പ്രശ്നമെന്ന് അധികൃതർ പറഞ്ഞു. കിടത്തി ചികിത്സ നിലച്ചിട്ട് രണ്ടാഴ്ച് പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ നടപടിയായില്ല.
ഇവിടെ താത്കാലികമായി നിയമിക്കപ്പെട്ട രണ്ട് നഴ്സുമാർ പ്രസവാവധിയിൽ പ്രവേശിച്ചതോടെ പകരം ആളില്ലാത്തതാണ് കിടത്തി ചികിത്സ ഒഴിവാക്കേണ്ട സ്ഥിതിയിലെത്തിച്ചത്. കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും കിടത്തി ചികിത്സ നടത്താൻ കഴിയാത്തത് പാവപ്പെട്ട ജനങ്ങളോടുള്ള അവഗണനയാണെന്ന് ആക്ഷേപമുണ്ട്. ആശുപത്രിക്കായി വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പ്രവൃത്തി പൂർത്തിയായാൽ ഇതിൽ നിരവധി പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാവും. നിലവിൽ കിടത്തി ചികിത്സ വേണ്ട രോഗികളെ ഒറ്റപ്പാലം, വടക്കാഞ്ചേരി ആശുപത്രികളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് രോഗികൾക്കും കൂട്ടിരിക്കേണ്ടവർക്കും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.