ഷൊർണൂർ: ഷൊർണൂർ- നിലമ്പൂർ പാതയിൽ പാസഞ്ചർ ട്രെയിൻ സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും പ്രവർത്തനമാരംഭിച്ചതും കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതും ഈ ആവശ്യത്തിന് പ്രാധാന്യമേറ്റുന്ന ഘടകങ്ങളാണ്. രണ്ട് സ്പെഷൽ ട്രെയിനുകൾ മാത്രമാണ് ഈ പാതയിൽ സർവിസ് നടത്തുന്നത്. ഇവക്കാകട്ടെ ഷൊർണൂർ ജങ്ഷഷൻ വിട്ടാൽ പാലക്കാട് ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. മലപ്പുറം ജില്ലയിലെ രണ്ട് സ്റ്റേഷനുകളിൽ മാത്രമേ സ്റ്റോപ്പുള്ളൂ.
അതിനാൽ രണ്ട് ട്രെയിൻ ഓടുന്നതിെൻറ ഗുണം ഈ പാതയിലെ 90 ശതമാനത്തിലധികം വരുന്ന യാത്രക്കാർക്ക് ലഭ്യമാകുന്നില്ല. ഒക്ടോബർ ഏഴിന് യാത്രയാരംഭിച്ച കോട്ടയം- നിലമ്പൂർ സ്പെഷൽ ട്രെയിനിന് കോട്ടയം മുതൽ ഷൊർണൂർ വരെയുള്ള ഏതാണ്ടെല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്. തൃശൂരിനും ഷൊർണൂരിനുമിടക്ക് സ്റ്റോപ്പില്ലാത്തത് മുള്ളൂർക്കര സ്റ്റേഷനിൽ മാത്രം. എന്നാൽ, ഷൊർണൂർ വിട്ടാൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് സ്റ്റോപ്പുള്ളത്. ഫലത്തിൽ പാസഞ്ചർ ട്രെയിനായി ഓടേണ്ട ഈ ട്രെയിനിനെ ബഹുഭൂരിഭാഗത്തിനും ആശ്രയിക്കാനാകുന്നില്ല. സ്റ്റോപ്പുള്ള മൂന്ന് സ്റ്റേഷനുകളിൽ നിന്നും കയറേണ്ടവർക്ക് അധിക തുക നൽകേണ്ടിയും വരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഗണ്യമായ ഇളവ് വരുത്തിയതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം വർധിച്ചു.
ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാഗികമായും തുറന്നതോടെ നിലവിലെ സീസൺ ടിക്കറ്റ് യാത്രക്കാരും ട്രെയിനിൽ യാത്ര ചെയ്യാനാകാതെ കുഴങ്ങുകയാണ്. നേരേത്ത ടിക്കറ്റ് റിസർവ് ചെയ്യാൻ ശ്രമിച്ചാലും പലർക്കും ലഭിക്കുന്നുമില്ല. ഷൊർണൂർ, നിലമ്പൂർ ഭാഗങ്ങളിൽനിന്നും ആശുപത്രികൾ കൂടുതലുള്ള പെരിന്തൽമണ്ണയിലേക്ക് എത്താൻ ആശ്രയിക്കുന്നത് ഷൊർണൂർ- നിലമ്പൂർ ട്രെയിനുകളെയാണ്. രോഗികളും ബന്ധുക്കളും ഈ സൗകര്യം ലഭിക്കാതെ കുഴങ്ങുകയാണ്. വൻ തുക മുടക്കി ടാക്സി വാഹനങ്ങളിലും ഏറെ വട്ടം കറങ്ങി ബസുകൾ കയറിയിറങ്ങിയുമൊക്കെയാണ് ഇവർ ലക്ഷ്യസ്ഥാനത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.