ഷൊർണൂർ: ദിവസങ്ങളോളമായിട്ടും കുടിവെള്ളം ലഭിക്കാതെ ഷൊർണൂർ നഗരസഭ പ്രദേശത്തെ ജനങ്ങൾ പൊറുതിമുട്ടുന്നു. കുടിവെള്ള വിതരണം നടത്തേണ്ട ജല അതോറിറ്റിയുടെ ഏക ജലസ്രോതസ്സായ ഭാരതപ്പുഴയിൽ നീരൊഴുക്ക് നിലച്ചതാണ് പ്രശ്നമായത്. പുഴയിൽ നീരൊഴുക്ക് കുറഞ്ഞതോടെ മൂന്നുദിവസം ഇടവിട്ട് മാത്രമേ ജലവിതരണം ഓരോ പ്രദേശത്തേക്കും ഉണ്ടാകൂവെന്ന് ജല അതോറിറ്റിയുടെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും കുടിവെള്ളം ലഭിക്കാതായതോടെ മിക്ക വീട്ടുകാരും ദുരിതത്തിലായി.
സ്വന്തമായി കിണറില്ലാത്ത ടൗൺ പ്രദേശത്തെ വീട്ടുകാരാണ് ഏറെ വലയുന്നത്. കുറേ വീട്ടുകാർ ബന്ധുവീടുകളിലേക്കോ മറ്റോ താമസം മാറി. ചില വീടുകളിൽ ഗൃഹനാഥൻമാർ മാത്രമാണുള്ളത്. മോഷ്ടാക്കളുടെ ശല്യം വർധിച്ചതിനാൽ വീട് പൂർണമായും പൂട്ടിപ്പോകാനാകില്ലെന്നതും ജനങ്ങളെ വിഷമത്തിലാക്കുന്നുണ്ട്. ടൗണിലെ ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും ഓഫിസുകളിലുള്ളവരും ഏറെ പൊറുതിമുട്ടുന്നുണ്ട്. മിക്കവരും വലിയ തുക ചെലവാക്കി ലോറിയിൽ വെള്ളം എത്തിക്കുകയാണ്. വലിയ ലോഡ്ജുകാരും മറ്റും ഏറെ മുകളിൽ സ്ഥാപിച്ച ടാങ്കുകളിൽ വെള്ളം നിറക്കാൻ പാടുപെടുകയാണ്.
കക്കൂസുകളിലെ ഫ്ലഷ് ടാങ്കുകളിൽ വെള്ളമെത്തിക്കണമെങ്കിൽ ഇതല്ലാതെ വേറെ മാർഗവുമില്ല, ഇക്കാര്യത്തിൽ വീടുകളിലെ സ്ഥിതിയും മറിച്ചല്ല. നഗരസഭ പ്രദേശത്തെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാതായിട്ട് ആഴ്ചകളോളമായി. ഇവർ എപ്പോഴെങ്കിലും ലോറിയിൽ വരുന്ന വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. ഇതിനായി മണിക്കൂറുകളോളം കാത്തുനിൽക്കണമെന്നതാണ് മറ്റൊരു പ്രശ്നം.
സമീപ പഞ്ചായത്തുകളായ വാണിയംകുളം, ചളവറ പ്രദേശങ്ങളിലേക്കും ഷൊർണൂരിൽനിന്നും വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇതും ഷൊർണൂരുകാരുടെ കുടിവെള്ള പ്രശ്നത്തെ ഇരട്ടിപ്പിക്കുന്നതാണ്. പുഴയിൽ ജല അതോറിറ്റിയുടെ പമ്പിങ് കിണറിന്റെ വൃഷ്ടിപ്രദേശത്തേക്ക് യന്ത്രമുപയോഗിച്ച് ചാലുകീറി വെള്ളമെത്തിക്കുന്നുണ്ട്. എന്നിട്ടും ഇടക്കിടെ മാത്രമേ പമ്പിങ് നടത്താനാകുന്നുള്ളൂ. വോൾട്ടേജ് ക്ഷാമവും പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എത്രദിവസം കൂടുമ്പോൾ വെള്ളമെത്തിക്കാമെന്ന് പറയാനാവില്ലെന്ന് അസി. എൻജിനീയർ സുമയ്യ പറഞ്ഞു. കുടിവെള്ളം കിട്ടാക്കനിയായതിന്റെ ആശങ്കയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.