ഷൊർണൂർ: തൃശൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ കുളപ്പുള്ളിക്കും ഷൊർണൂരിനുമിടയിൽ നവീകരണപ്രവൃത്തികൾക്ക് ഒച്ചിഴയുന്ന വേഗം. ഷൊർണൂർ കൊച്ചിപ്പാലം മുതൽ റെയിൽവേ സ്റ്റേഷൻ, ടൗൺ ബസ് സ്റ്റാൻഡ് വഴി കുളപ്പുള്ളി വരെയും ബൈപാസ് റോഡുമാണ് ആധുനികരീതിയിൽ നവീകരിക്കുന്നത്. പ്രവൃത്തികൾ ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും പുനർനിർമിക്കേണ്ട കലുങ്ക് പണി പോലും എങ്ങുമെത്തിയിട്ടില്ല.
നഗരസഭ ഓഫിസിന് മുന്നിലെ കലുങ്കിന്റെ പകുതി ഭാഗം കോൺക്രീറ്റ് ചെയ്തിട്ട് മാസങ്ങളായി. ബാക്കി ഭാഗത്ത് കോൺക്രീറ്റ് ചെയ്യാൻ കുഴിയെടുത്തിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ഒന്നും ചെയ്തിട്ടില്ല. കോൺവെന്റിന് മുന്നിലും കുളഞ്ചീരി കുളത്തിന് സമീപവും ടെക്നിക്കൽ സ്കൂളിന് മുന്നിലെ കലുങ്കിന്റെ കോൺക്രീറ്റിങ്ങും പൂർത്തിയായിട്ടുണ്ടെങ്കിലും ഉപരിതലം ഒന്നും ചെയ്തിട്ടില്ല.
ക്വാറി വേസ്റ്റ് കൊണ്ടിട്ട ഇതിലൂടെ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. പൊടിശല്യത്തിൽ യാത്രക്കാരും പരിസരവാസികളും ഏറെ ദുരിതത്തിലാണ്. ഇടയ്ക്ക് വെള്ളം ടാങ്കറിൽ കൊണ്ടുവന്ന് ഒഴിക്കുന്നുണ്ടെങ്കിലും ഈ സമയത്ത് ചളിവെള്ളം തെറിച്ചാണ് ബുദ്ധിമുട്ടെന്ന് പരിസരവാസികൾ പറയുന്നു.
ദിനേന വെള്ളം കൊണ്ട് വന്ന് ഒഴിക്കുന്നതിന് ഭീമമായ തുകയാണ് മാസങ്ങളായി ചെലവഴിക്കുന്നത്. ഗതാഗതക്കുരുക്കും ഗതാഗതസ്തംഭനവും നിത്യസംഭവമായ ഇവിടെ വാക്കുതർക്കങ്ങളും പതിവാണ്. തൃശൂർ മെഡിക്കൽ കോളജിലേക്കെത്തുന്ന ആംബുലൻസുകളടക്കം ഗതാഗതക്കുരുക്കിൽപെടുന്നത് നിത്യസംഭവമാണെന്നും പ്രവൃത്തികൾ വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.