ഷൊർണൂർ: യാത്രക്കാരിൽ ഭീതി നിറക്കുംവിധം ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. പ്രവേശന കവാടം തൊട്ട് ടിക്കറ്റ് കൗണ്ടർ, നടപ്പാലം, പ്ലാറ്റ്ഫോം, ഇരിപ്പിടങ്ങൾ വരെ നായ്ക്കൾ കൈയടക്കി വിലസുകയാണ്. അധികൃതരാകട്ടെ ഇതൊന്നും കാണാത്ത മട്ടിൽ തികഞ്ഞ അലംഭാവം കാണിക്കുകയുമാണ്.
ടിക്കറ്റ് കൗണ്ടറിൽ ആളുകൾ വരി നിൽക്കുന്നതിനിടയിൽ പോലും നായ്ക്കൾ കിടന്നുറങ്ങുകയും കറങ്ങുകയും ചെയ്യുന്നു. വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ആളുകൾ നടന്നുപോകുന്ന പാലത്തിലും നായ്ക്കൾ കിടന്നുറങ്ങുകയും കൂട്ടമായി നിൽക്കുകയും ഇരിക്കുകയുമൊക്കെ ചെയ്യുന്നു. ട്രെയിൻ കയറാൻ ധിറുതി പിടിച്ച് ഓടുമ്പോൾ നായ്ക്കളെ അറിയാതെ ചവിട്ടിപ്പോയാൽ കടി ഉറപ്പാണ്. ഇരിപ്പിടങ്ങളിൽ ആളുകളിരിക്കേണ്ടിടത്ത് നായ്ക്കളാണിരിക്കുന്നത്. കസേരകൾക്കടിയിലും ഇവ ഇടം തേടുന്നു.
റെയിൽവേ സ്റ്റേഷനിൽ ഭക്ഷണാവശിഷ്ടങ്ങൾ ലഭിക്കുന്നതിനാലാണ് നായ്ക്കൾ ഇവിടെ തമ്പടിക്കുന്നത്. പ്ലാറ്റ്ഫോമുകളിൽ മഴയും വെയിലുമേൽക്കാതെ കഴിയാം എന്നതിനാൽ സുരക്ഷിതമായ ഇടമായി കണ്ട് ഇവറ്റകൾ കഴിഞ്ഞുകൂടുകയാണ്. ചില മൃഗസ്നേഹികൾ നായ്ക്കൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങി നൽകുന്നുമുണ്ട്.
സ്റ്റേഷൻ നവീകരിക്കുന്നതിനാൽ മതിലും മറ്റും പൊളിച്ചിട്ടിരിക്കുന്നതിനാൽ ഏത് വഴിയും കയറി വരാമെന്ന സ്ഥിതിയാണ്. ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവ ഫ്ലാറ്റ്ഫോമിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. റെയിൽവേ ജീവനക്കാരും കരാർ തൊഴിലാളികളുമൊക്കെ ഇവിടെയുണ്ടെങ്കിലും ആരും ഇവയെ തുരത്തുന്നില്ല.
സ്റ്റേഷനിൽ ആർക്കെങ്കിലും കടിയേറ്റാൽ കുറച്ച് ദിവസത്തേക്ക് ഓടിച്ച് വിടുമെങ്കിലും വീണ്ടും പഴയപടി തന്നെയാകും. യാത്രക്കാർക്ക് ഭീതിയൊഴിഞ്ഞ് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വന്നു പോകാനാകാത്ത അവസ്ഥയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.