ഷൊർണൂർ: ഭാരതപ്പുഴക്ക് കുറുകെയുള്ള റെയിൽവേ പാലത്തിന്റെ ഉരുക്ക് ഗർഡറുകൾ മാറ്റി സ്ഥാപിച്ചു. അരനൂറ്റാണ്ടോളം പഴക്കമുള്ള പാലത്തിൻ്റെ തൂണുകൾക്കിടയിലുള്ള ഗർഡറുകൾ തുരുമ്പെടുത്ത് തുടങ്ങിയിരുന്നു. വിദഗ്ധ പരിശോധനയിൽ ബലക്ഷയം തുടങ്ങിയതായി കണ്ടെത്തിയതോടെയാണ് ഇവ മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്. എന്നാൽ, കരിങ്കല്ലിൽ പടുത്തുയർത്തിയ തൂണുകൾക്ക് ഇപ്പോഴും നല്ല ഉറപ്പാണെന്ന് അധികൃതർ പറഞ്ഞു.
ഭാരതപ്പുഴക്ക് കുറുകെ റെയിൽവെ ആദ്യം നിർമിച്ച പാലത്തിന്റെ ഗർഡറുകളാണിപ്പോൾ മാറ്റി സ്ഥാപിച്ചത്. ഈ പാലത്തിന് സമാന്തരമായി പിന്നീട് നിർമിച്ച പാലത്തിന് ബലക്ഷയമില്ല. പുഴയിൽ മണ്ണിട്ട് റോഡുണ്ടാക്കിയാണ് ഗർഡറുകൾ സ്ഥാപിക്കാനുള്ള ഭീമാകാരമായ ക്രെയിനുകൾ എത്തിച്ചത്. ഗതാഗതനിയന്ത്രണമേർപ്പെടുത്തിയും ഇതിലൂടെ കടന്നുപോകുന്ന രണ്ട് ട്രെയിനുകൾക്കിടയിലെ സമയദൈർഘ്യം നോക്കിയുമാണ് പ്രവൃത്തികൾ നടത്തിയത്. ചെന്നൈയിൽനിന്നാണ് സ്പാനുകളും അനുബന്ധ യന്ത്രസാമഗ്രികളും എത്തിച്ചത്.
ബലക്ഷയം കാരണം പാലത്തിലൂടെ 30 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ട്രെയിനുകൾ കടന്നു പോയിരുന്നത്. വന്ദേ ഭാരത് അടക്കം വേഗത കൂടുതലുള്ള ട്രെയിനുകൾക്ക് ഇതിനാൽ സമയനഷ്ടം ഉണ്ടായിരുന്നു. നിലവിലെ സ്ഥിതിയിൽ ട്രെയിനുകൾക്ക് ആവശ്യത്തിനനുസരിച്ചുള്ള വേഗതയിൽ കടന്നു പോകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.