ഷൊർണൂർ: നഗരവനം പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾക്കായി തുറന്ന് കൊടുത്തില്ല. കുളപ്പുള്ളി ചുവന്ന ഗേറ്റിലെ അന്തിമാളൻ കാട്ടിലെ 25 ഏക്കർ സ്ഥലത്താണ് വനം വകുപ്പ് ഷൊർണൂർ നഗരവനം പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കശുമാവിൻ തോട്ടമുള്ള സ്ഥലത്താണ് ഇവയെ നിലനിർത്തി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പ്രവേശന കവാടം, ഓഫിസ്, കാന്റീൻ, ചുറ്റുവേലി, ഇക്കോ ഷോപ്പ്, ഓപ്പൺ ജിംനേഷ്യം, സൈക്കിൾ ട്രാക്ക്, കുളം, ചെക്ക്ഡാം, വായനശാല, വിശ്രമകേന്ദ്രം, വാച്ച് ടവർ, ഔഷധസസ്യങ്ങളുടെ നഴ്സറി, സോളാർ ലൈറ്റുകൾ, കുട്ടികളുടെ പാർക്ക്, വൈദ്യുതി ചാർജ് സൗകര്യം, മിയാവാക്കി വനം, നക്ഷത്രവനം, ഔഷധ മരങ്ങൾ നട്ട് വളർത്തൽ, ഒരു കിലോമീറ്റർ നീളത്തിൽ നടപ്പാത എന്നിവയാണ് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുക. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിൽ ആദ്യഘട്ടമായി പ്രവേശന കവാടം, ഓഫീസ്, കാന്റീൻ, നടപ്പാത, ചെക്ക്ഡാം, കുട്ടികളുടെ പാർക്ക്, വിശ്രമസ്ഥലം, നക്ഷത്രവനം എന്നിവ പൂർത്തീകരിച്ച് കഴിഞ്ഞു. ആദ്യഘട്ടം കഴിഞ്ഞാൽ ജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ഇതുവരെയായിട്ടും കവാടം തുറന്നിട്ടില്ല.
പദ്ധതിക്കായി 40 ലക്ഷം രൂപ കേന്ദ്രഫണ്ടായി ലഭിച്ചിട്ടുണ്ട്. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭങ്ങൾ, വ്യക്തികളിൽനിന്ന് സ്വീകരിക്കൽ എന്നിങ്ങനെ ലഭ്യമാക്കാനാണ് നിർദേശമുള്ളത്. പട്ടാമ്പി-പാലക്കാട് സംസ്ഥാന പാതക്കരികിലായുള്ള സ്ഥലത്താണ് നഗരവനം തയാറായിട്ടുള്ളത്. ഇതിനാൽ സമീപവാസികൾക്കൊപ്പം ദീർഘദൂര യാത്രക്കാർക്കും പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.