കൊല്ലങ്കോട്: അനധികൃത മണ്ണ് ഖനനം വീണ്ടും സജീവമായി. പകൽ സമയത്തും വ്യാപക മണ്ണെടുപ്പ് തുടർന്നിട്ടും നടപടിയെടുക്കാതെ റവന്യു- ജിയോളജി വകുപ്പുകൾ. കൊല്ലങ്കോട്, എലവഞ്ചേരി തെന്മലയോര പ്രദേശങ്ങളായ വാഴപ്പുഴ, മാമണി, ചാത്തൻപാറ, മണ്ണാർകുണ്ട്, മാത്തൂർ, കൊളുമ്പ്, വളവടി, എലവഞ്ചേരി അടിവാരം എന്നീ പ്രദേശങ്ങളിലാണ് മണ്ണെടുപ്പ് നടത്തുന്നത്.
ഇഷ്ടികക്കളങ്ങൾക്കും ഓട്ടു കമ്പനികൾക്കുമാണ് മണ്ണ് കടത്തുന്നത്. ഖനനം ചെയ്ത മണ്ണ് ഇഷ്ടിക രൂപത്തിലാക്കി തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കടത്തുന്നവരും ഉണ്ട്. വില്ലേജ് ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ അനുകൂലമാക്കി നടത്തുന്ന മണ്ണ് ഖനനത്തിനെതിരെ നടപടിയെടുക്കാൻ തഹസിൽദാർ ഉൾപ്പെടെ അധികൃതർ എത്താത്തത് നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. നെൽവയൽ തണ്ണീർത്തട നിയമം കാറ്റിൽ പറത്തി നെൽപാടങ്ങളിൽ നടത്തുന്ന മണ്ണ് ഖനനം തടയിടാൻ ആരും തയാറാവാത്തതിനാൽ മണ്ണെടുത്ത ഗർത്തങ്ങൾ അനുദിനം വർധിക്കുകയാണ്.
18 അടിയിലധികം താഴ്ചകളിൽ ഗർത്തങ്ങൾ ഉണ്ടാകുന്നതിനാൽ പരിസര പ്രദേശങ്ങളിലെ പാടങ്ങളിൽ നെല്ല്, പച്ചക്കറി കൃഷിയിറക്കാൻ സാധിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. ക്വാറികൾക്കുപോലും അനുമതി നൽകാത്ത പരിസ്ഥിതി ലോല പ്രദേശമായ മുതലമട, എലവഞ്ചേരി, കൊല്ലങ്കോട് പഞ്ചായത്തുകളിലെ തെന്മലയോര പ്രദേശങ്ങളിൽ ജിയോളജി വകുപ്പിന്റെ അനുവാദമില്ലാതെ മണ്ണ് -കരിങ്കൽ ഖനനം വ്യാപകമാകുന്നതിനെതിരെ റവന്യൂ, ജിയോളജി, തദ്ദേശസ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ കണ്ണടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.