മഴ കനത്തു; പാലക്കാട് വെള്ളക്കെട്ടിൽ

പാലക്കാട്: മഴ തുടങ്ങിയതോടെ നഗരത്തിലെ മിക്ക റോഡുകളും വെള്ളക്കെട്ടിലായി. ഉള്‍പ്പാതകളായ സ്റ്റേഡിയം ഗസാല റോഡ്, ബി.എസ്.എൻ.എല്‍ എക്സ്ചേഞ്ച് റോബിന്‍സണ്‍ റോഡ്, പുത്തൂര്‍ ശേഖരീപുരം ചന്ത ജങ്ഷന്‍, മൂത്താന്തറ, വലിയങ്ങാടി റോഡ് തുടങ്ങി പ്രധാന നഗരസഭ റോഡുകൾ വെള്ളക്കെട്ടിലായി. ശരിയായ ഓവുചാൽ സംവിധാനങ്ങളില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.

ഓടകളിൽ കെട്ടിനിൽക്കുന്ന മലിനജലം മഴയത്ത് റോഡിലേക്കും നടവഴിയിലേക്കും കയറുന്നതും പതിവാണ്. വെള്ളം നിറയുന്നതോടെ റോഡിലെ കുഴികള്‍ കാണാത്തതിനാല്‍ ഇരുചക്ര വാഹനങ്ങൾക്ക് യാത്ര ദുഷ്കരമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും സംഭവിക്കുന്നു. നഗരത്തിലെ ഇടറോഡുകളിലെ ഓടകൾ പലയിടത്തും അടഞ്ഞുകിടക്കുകയാണ്. ഇതോടെ ദുരിതത്തിലാവുന്നത് നഗരത്തിലെത്തുന്ന കാൽനട-ബൈക്ക് യാത്രികരാണ്. റോഡുകളുടെ വശങ്ങൾ നവീകരിക്കുന്നതിന്‍റെ ഭാഗമായി പലയിടത്തും സിമന്‍റ് നിരത്തിയിരുന്നു. എന്നാൽ, പ്രവൃത്തിയുടെ അശാസ്ത്രീയത കാരണം ഈ ഭാഗങ്ങളിൽ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെട്ടു.

പുതുനഗരം ടൗൺ

പുതുനഗരം: പുതുനഗരം ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വിദ്യാർഥികൾ ദുരിതത്തിൽ. ചിന്നപ്പള്ളി പുതുനഗരം-പാലക്കാട് റോഡിൽ ട്രാഫിക് സിഗ്നലിനു സമീപത്തെ ചിന്നപ്പള്ളി സ്ട്രീറ്റ് റോഡിന്‍റെ തുടക്ക ഭാഗത്താണ് പഞ്ചായത്ത് റോഡ് തകർച്ചയും അഴുക്കുചാൽ ഇല്ലാത്തതും വെള്ളക്കെട്ടിന് വഴിവെച്ചത്. മലിനജലവും മഴവെള്ളവും കെട്ടിനിൽക്കുന്നതിനാൽ വിദ്യാർഥികൾക്കും വയോധികർക്കും പഞ്ചായത്ത് റോഡിലും പ്രധാന റോഡിലും ഇറങ്ങൽ ദുഷ്കരമായി.

പുതുനഗരം-പാലക്കാട് പൊതുമരാമത്ത് റോഡിലും പുതുനഗരം-ചിന്നപ്പള്ളി സ്ട്രീറ്റ് പഞ്ചായത്ത് റോഡിലും അഴുക്കുചാൽ നിർമിച്ച് റോഡിലെ ടാറിങ്ങിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

നെല്ലിയാമ്പതി

നെല്ലിയാമ്പതി: കാലവർഷം ശക്തമായതിനെ തുടർന്ന് നെല്ലിയാമ്പതി മേഖലയിൽ വെള്ളം പൊങ്ങി. നൂറടി ഭാഗത്താണ് നൂറടിപ്പുഴ കരകവിഞ്ഞ് വീടുകളുടെ സമീപം വെള്ളമെത്തിയത്‌. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയും തുടർന്ന മഴയാണ് വെള്ളം പൊങ്ങാൻ കാരണം. വീടുകളിൽ വെള്ളം കയറുമെന്ന ഭീതിയിൽ റവന്യൂ അധികൃതരുടെ പ്രദേശവാസികൾ സഹായം തേടിയിരുന്നു.

എന്നാൽ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മഴക്ക് ശമനമുണ്ടായെന്നും നെല്ലിയാമ്പതിയിലെവിടെയും വീടുകളിൽ വെള്ളം കയറിയിട്ടില്ലെന്നും റവന്യൂ അധികൃതർ പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യം പരിഗണിക്കും.

Tags:    
News Summary - The rain is heavy; Palakkad in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.