ചെറുതുരുത്തി: ചീരകുഴി ഇറിഗേഷെൻറ കനാൽ വെള്ളം നിർത്തിയതിനാൽ പൈങ്കുളം പാടശേഖര സമിതിയുടെ 60 ഏക്കർ നെൽകൃഷി ഉണക്ക് ഭീഷണിയിൽ. അയ്യപ്പനെഴുത്തച്ഛൻ പടിക്ക് സമീപമുള്ള 60 ഏക്കർ സ്ഥലത്തെ മുണ്ടകൻ കൃഷിയാണ് നശിക്കുന്നത്.
മാർച്ച് 30 വരെ ഇറിഗേഷൻ കനാലിലൂടെ വെള്ളം തുറന്നുവിടുമെന്ന് അധികൃതർ ഉറപ്പുനൽകിയതിനാലാണ് 30ഓളം വരുന്ന കർഷകർ ലോണെടുത്തും സ്വർണം പണയപ്പെടുത്തിയും കൃഷിയിറക്കിയത്. എന്നാൽ, നെല്ല് കതിരിടാൻ നിൽക്കുന്ന സമയത്താണ് ഇറിഗേഷൻ അധികൃതർ കനാലിലൂടെ വെള്ളം വരുന്നത് നിർത്തിയത്.
ഇതേതുടർന്ന് പാടത്ത് വിള്ളലുണ്ടാവുകയും നെല്ലിന് മഞ്ഞപ്പ് വന്ന് ഉണങ്ങുകയും ചെയ്തു. വിവരം ചീരകുഴി അധികൃതരെ അറിയിച്ചപ്പോൾ ഡാമിന് സമീപം പണി നടക്കുന്നതാണ് കനാലിലൂടെ വരുന്ന വെള്ളം നിർത്താൻ കാരണമെന്നാണ് പറഞ്ഞത്. അടിയന്തരമായി വെള്ളം തുറന്നുവിടണമെന്നും ഗ്രാമപഞ്ചായത്ത് അധികൃതരും കൃഷിവകുപ്പും ചേർന്ന് ഭാരതപ്പുഴയിൽനിന്ന് മോട്ടോർവെച്ച് വെള്ളം പമ്പ് ചെയ്യണമെന്നും പാടശേഖര സമിതി പ്രസിഡൻറ് എൻ. നാരായണൻകുട്ടിയും സെക്രട്ടറി ശങ്കരൻ നാരായണനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.