എറിയാട്: ജീവിതയാത്രയിൽ കാലിടറിയ കൂട്ടുകാരിക്ക് പഴയ സഹപാഠികളുടെ കൈത്താങ്ങ്. എറിയാട് ഗവ. കേരള വർമ ഹയർ സെക്കൻഡറി സ്കൂളിലെ 1976 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മയാണ് സഹപാഠിനിയുടെ സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമാക്കിയത്. കഴിഞ്ഞ വർഷം നടന്ന ഒത്തുചേരലിനിടെയാണ് സഹപാഠിനിക്ക് സ്വന്തമായി കിടപ്പാടമില്ലെന്ന വിവരം കൂട്ടുകാർ മനസ്സിലാക്കുന്നത്.
ഉടനെ സഹപാഠികളിൽ ഒരാൾ മൂന്നര സെന്റ് സ്ഥലം വാഗ്ദാനം ചെയ്തു. തുടർന്ന് 59 പേരടങ്ങുന്ന കൂട്ടായ്മയിലെ സുഹൃത്തുക്കളുടെ കൂടിയാലോചനയിൽ വീട് നിർമിക്കാൻ ആവശ്യമായ തുകയുടെ നല്ലൊരു ശതമാനവും ഗ്രൂപ് വഴി സ്വരൂപിച്ച് നിർമാണം ആരംഭിച്ചു.
സഹപാഠികളിൽനിന്ന് തന്നെ ബാക്കി തുകകൂടി സമാഹരിച്ച് മൂന്ന് മാസത്തിനകം നിർമാണം പൂർത്തിയാക്കുകയും ചെയ്തു. സുഹൃത്തുക്കളുടെ സ്നേഹത്തണലിൽ ഒരുങ്ങിയ വീടിന്റെ താക്കോൽദാനം ശനിയാഴ്ച രാവിലെ പത്തിന് നടക്കും. കൂട്ടായ്മ ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന് താക്കോൽ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.