തൃശൂര്‍: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം ആറ് മാസത്തിനകം നടപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ആരോഗ്യ, ചികിത്സാ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കല്‍, ഓണ്‍ലൈന്‍ ബുക്കിങ്, ടെലിമെഡിസിന്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കണം.
ഇതിനാവശ്യമായ രീതിയില്‍ എല്ലാ ആശുപത്രികളും പദ്ധതി തയാറാക്കണം. പാലിയേറ്റീവ് കെയറിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്കി. ജില്ലയിലെ ജനറല്‍, താലൂക്ക് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയശേഷം കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം.
ജില്ലയിലെ വിവിധ ആശുപത്രികളില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിർദേശം നല്കി. കുന്നംകുളം, ചേലക്കര താലൂക്ക് ആശുപത്രികളില്‍ നാലു വീതം ഡയാലിസിസ് യന്ത്രങ്ങള്‍ അനുവദിക്കും.
അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും. കൊടുങ്ങല്ലൂരിലും വടക്കാഞ്ചേരിയിലും പുതുതായി കാരുണ്യ ഫാര്‍മസികള്‍ തുടങ്ങും. സ്ഥലം എം.എല്‍.എമാര്‍ കണ്ടെത്തി നല്‍കും. താലൂക്ക് ആശുപത്രികളില്‍ സൗകര്യങ്ങള്‍ പരിശോധിച്ച് പോസ്റ്റ്മോര്‍ട്ടം സംവിധാനം ഏര്‍പ്പെടുത്താനും ഡി.എം.ഒക്ക് നിർദേശം നല്കി.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 184 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ രൂപകൽപനയില് ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി നിർദേശം നല്കി. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവചികിത്സ ഒരു മാസത്തിനകം ആരംഭിക്കണം.
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നബാർഡ് ഫണ്ടിൽനിന്ന് 10.56 കോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കാൻ നിലവിലെ കെട്ടിടം പൊളിച്ചുമാറ്റണം. അതിനുള്ള അനുമതി ഉടന്‍ ലഭ്യമാക്കാനും നിർദേശം നല്കി.
എൻ.കെ. അക്ബർ എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെ വിവിധ ബ്ലോക്കുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. താലൂക്ക് ആശുപത്രിയിലെ നിലവിലെ പ്രവർത്തനവും ഡോക്ടർമാരുടെ സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ എസ്.ടി.പി നിര്‍മാണത്തിനാവശ്യമായ ഡിസൈന്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി തയാറാക്കി നിര്‍മാണം ആരംഭിക്കണം. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ 2.29 കോടി ചെലവില്‍ നിര്‍മിക്കുന്ന ഒ.പി ബ്ലോക്കിന്റെ നിര്‍മാണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അസംബ്ലി മണ്ഡലം തലത്തില്‍ ഓരോ മാസവും അവലോകന യോഗം ചേരും. ഇതിനായി ഡെപ്യൂട്ടി ഡി.എം.ഒമാര്‍ക്ക് മണ്ഡലങ്ങളുടെ ചുമതല നല്‍കിയതായും മന്ത്രി അറിയിച്ചു. സന്ദർശനത്തിന് ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ എം.എല്‍.എമാർ, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.