തൃശൂർ: ലഹരിയൊഴുക്കാൻ ഇപ്പോൾ സ്പീഡ് പോസ്റ്റ് മാർഗവും. തൃശൂരിലേക്ക് തപാൽ മുഖേനെയെത്തിയ അഞ്ചുകിലോ കഞ്ചാവ് കസ്റ്റംസ് പിടികൂടി എക്സൈസിന് കൈമാറി. തൃശൂർ നഗരത്തിൽ പടിഞ്ഞാറെ കോട്ടയിൽ പ്രവർത്തിക്കുന്ന പ്രോട്ടീൻ മാളിൽനിന്നാണ് അഞ്ചുകിലോ കഞ്ചാവ് തൃശൂർ കസ്റ്റംസ് ആൻഡ് പ്രിവന്റിവ് ഉദ്യോഗസ്ഥന്മാർ പിടികൂടിയത്.
കടയുടമ നെടുപുഴ സ്വദേശി വിഷ്ണു (33) ജീവനക്കാരൻ പാലക്കാട് സ്വദേശി ആഷിക് (27) എന്നിവരെ കഞ്ചാവടക്കം പിടികൂടി എക്സൈസിന് കൈമാറി. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ലഹരിക്കടത്ത് വിവരം ലഭിച്ചത്. ഇതിലായിരുന്നു അന്വേഷണം.
ഏറെ നാളായി കസ്റ്റംസ് ഇവിടം നിരീക്ഷിക്കുകയായിരുന്നു. തൃശൂർ കസ്റ്റംസിന് ഗുവാഹതിയിൽനിന്ന് ലഭിച്ച സൂചനയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തൃശൂരിലെ വ്യാജ വിലാസത്തിലേക്ക് ഗുവാഹതിയിൽനിന്ന് കഞ്ചാവ് സ്പീഡ് പോസ്റ്റിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചത്.
സൂചനയെ പിന്തുടർന്ന് കസ്റ്റംസിന് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രണ്ട് ഫിറ്റ്നെസ് സെന്ററുകളുടെയും ഒരു പ്രോട്ടീൻ പൗഡർ വിൽപന കേന്ദ്രത്തിന്റെയും ഉടമയാണ് പ്രതിയെന്ന് മനസ്സിലാക്കി. ഇതോടെ കസ്റ്റംസ് വല വിരിക്കുകയായിരുന്നു. പൂത്തോൾ പോസ്റ്റ് ഓഫിസിൽനിന്നും ഇത് സംബന്ധിച്ച ഫോൺ നമ്പർ മനസ്സിലാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥർ, സ്പീഡ് പോസ്റ്റിൽ വന്ന കടലാസുപെട്ടി ഫോൺ നമ്പർ ഉടമയായ കടയിലെ ജീവനക്കാരനെ കടയിൽവന്ന് കുട്ടിക്കൊണ്ടുപോയി പെട്ടി ഏറ്റെടുക്കുകയായിരുന്നു.
പെട്ടിയിലുണ്ടായിരുന്നത് ‘ഗ്രീൻ’ എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവായിരുന്നു. ഉന്നത ശ്രേണിയിലുള്ള ആളുകളാണ് ഇടപാടുകാരെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. ഈ വിലാസത്തിൽ നാല് തവണ ഗുവാഹതിയിൽനിന്ന് കഞ്ചാവ് എത്തിയിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ അറിഞ്ഞത്. സംഭവത്തിൽ വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് കസ്റ്റംസും എക്സൈസും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.