തൃശൂർ: യൂട്യൂബ് ചാനലിെൻറ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സാമ്പാർ സനൂപ് എന്ന സനൂപിനെ (32) ഒന്നരക്കിലോ കഞ്ചാവുമായി തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനനും സംഘവും ചേർന്നാണ് പിടികൂടിയത്.
സനൂപ് ഫിഷിങ് സംബന്ധിച്ച ചാനൽ നടത്തുകയും സബ്സ്ക്രൈബേഴ്സ് ആയി വരുന്ന വിദ്യാർഥികളെയും ചെറുപ്പക്കാരെയും മീൻപിടിത്തം പരിശീലിപ്പിക്കാൻ എന്ന പേരിൽ മണലിപ്പുഴയിലെ കൈനൂർ ചിറ പ്രദേശങ്ങളിലേക്ക് വിളിച്ച് വരുത്തും. ആദ്യം സൗജന്യമായി കഞ്ചാവ് കൊടുക്കുകയും തുടർന്ന് സ്ഥിരം ഉപഭോക്താക്കളാക്കി മാറ്റുകയുമാണ് ചെയ്തിരുന്നത്.
ഇതിനായി പതിനായിരക്കണക്കിന് വിലയുള്ള പത്തോളം ചൂണ്ടകൾ ഇയാൾ കൈവശം വെച്ചിരുന്നു. ഇതു കൂടാതെ ഇയാൾ സ്വന്തമായി ഉണ്ടാക്കിയ ഫിഷിങ് കിറ്റും ഉപയോഗിച്ച് യൂട്യൂബ് വഴി ആളുകളെ ആകർഷിപ്പിച്ച് മയക്കുമരുന്ന് വ്യാപരം നടത്തി വരുകയായിരുന്നു.
500 രൂപയുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്. പോലൂക്കര, മൂർക്കനിക്കര പ്രദേശങ്ങളിലെ നിരവധി ചെറുപ്പക്കാരും വിദ്യാർഥികളും ഇയാളുടെ വലയിലായതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.
ഇത്തരത്തിലുള്ളവരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കാനും കൗൺസലിങ് ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകാനും നടപടി സ്വീകരിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനൻ അറിയിച്ചു.
അസി. എക്സൈസ് ഇൻസ്പെക്ടർ സി.യു. ഹരീഷ്, പ്രിവൻറിവ് ഓഫിസർമാരായ കെ.എം. സജീവ്, ടി.ആർ. സുനിൽ കുമാർ, രാജേഷ്, രാജു, ഡ്രൈവർ റഫീക്ക് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.