തൃശൂര്‍: 35 വര്‍ഷം സര്‍വിസുള്ള സ്കൂള്‍ പാചക തൊഴിലാളിയെ അന്യായമായി പിരിച്ചുവിട്ടതായി സ്കൂള്‍ പാചക തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. മേലഡൂര് ഗവ. എല്‍.പി സ്കൂളിലെ പാചക തൊഴിലാളി ശോഭ സുബ്രഹ്മണ്യനെയാണ് പിരിച്ചുവിട്ടത്.
സ്കൂളിന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശോഭക്ക് സ്കാനിങ്ങിൽ തലയില്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി നല്കിയ അവധി അപേക്ഷ പ്രധാനാധ്യാപിക അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അസുഖം മാറിയെത്തിയ ശോഭയെ പ്രധാനാധ്യാപിക ജോലിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് മാത്രമല്ല, മറ്റൊരാളെ ജോലിക്ക് നിയമിക്കുകയും ചെയ്തു. ഇതിനെതിരെ ശോഭയും യൂനിയനും എ.ഇ.ഒക്ക് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, പിരിച്ചുവിട്ട നടപടി മാള എ.ഇ.ഒ അംഗീകരിക്കുകയും ആരോഗ്യപരമായ കാരണങ്ങളാല്‍ ഒരു പാചക തൊഴിലാളിക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിൽ അവരെ നീക്കം ചെയ്ത് മറ്റൊരാളെ നിയമിക്കുക മാത്രമേ നിര്‍വാഹമുള്ളൂവെന്ന ഉത്തരവിറക്കുകയുമാണ് ചെയ്തത്. ഈ ഉത്തരവ് അംഗീകരിച്ചാല്‍ പാചക തൊഴിലാളികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും അസാധുവാകും.
സ്കൂള്‍ പാചക തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്നും മാള എ.ഇ.ഒ വി.കെ നളിനിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് 11ന് എ.ഇ.ഒ ഓഫിസിലേക്ക് യൂനിയന്‍ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പി.ജി. മോഹനന്, വി.കെ. ലതിക, റജില ബാബു എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.