representational image

അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ആഴ്ചയിൽ പരിശീലനത്തിന് ഉത്തരവിട്ട് ജില്ല ഫയർ ഓഫിസർ

തൃശൂർ: മോക്ഡ്രില്ലുകളിൽ ജീവനക്കാരുടെ പ്രകടനം പ്രഫഷനൽ അല്ലെന്നും അതുകൊണ്ട് എല്ലാവരും ആഴ്ചകളിൽ അതത് സ്റ്റേഷനുകളിൽ പരിശീലനം നടത്താനും നിർദേശിച്ച് ജില്ല ഫയർ ഓഫിസറുടെ ഉത്തരവ്. ഇതിന്‍റെ ഫോട്ടോകളടക്കമുള്ള റിപ്പോർട്ടുകൾ ജില്ല ഓഫിസർക്ക് നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

തീപിടിത്തവും അപകട രക്ഷാപ്രവർത്തനവുമായി പരിമിതമായ സൗകര്യങ്ങളിൽ വിശ്രമിക്കാൻ സമയമില്ലാതെ ജീവനക്കാർ വലയുമ്പോഴാണ് ആഴ്ചയിലെ പരിശീലനം കൂടി നിർദേശിച്ചിരിക്കുന്നത്. മോക്ഡ്രില്ലുകളിലും രക്ഷാപ്രവർത്തനങ്ങളിലും പല ജീവനക്കാരുടെയും പ്രകടനം അത്ര പ്രഫഷനൽ ആയി തോന്നുന്നില്ലെന്നും എല്ലാ സ്റ്റേഷനിലെയും ജീവനക്കാർക്ക് ചൊവ്വാഴ്ചകളിൽ ആഴ്ച പരിശീലനത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള വിവിധതരം രക്ഷാപ്രവർത്തനങ്ങളുടെ പരിശീലനം നിർബന്ധമായും നൽകേണ്ടതാണെന്നും ജില്ല ഫയർ ഓഫിസറുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.

റോപ്പ് റെസ്‌ക്യൂ,ചെയർ കെട്ട്, സേഫ്റ്റി ബെൽറ്റ്, സ്‌ട്രെച്ചർ കെട്ട്, നെറ്റ് വഴിയുള്ള രക്ഷാപ്രവർത്തനം, ഗോവണിയിലൂടെ രക്ഷാപ്രവർത്തനം, മോണിറ്ററുകൾ ഉപയോഗിച്ച് തീപിടിത്തം നടത്തുക, ഫയർ ഫൈറ്റിങ് ആൻഡ് ഫയർ സ്യൂട്ട് ഉപയോഗിച്ച് കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിൽ സെറ്റ് ചെയ്ത് തിരയുക തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.

കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടത്തിയ മോക്ഡ്രില്ലിൽ അപാകതകളുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് പരിശീലനത്തിനുള്ള ജില്ല ഫയർ ഓഫിസറുടെ ഉത്തരവിന് കാണമെന്നാണ് പറയുന്നത്. അതേസമയം ഫയർ ഓഫിസറുടെ ഉത്തരവിനെതിരെ പ്രതിഷേധത്തിലാണ് സേനാംഗങ്ങൾ.

ജീവനക്കാരെ പീഡിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഉത്തരവിന് പിന്നിലെന്ന് സേനാംഗങ്ങൾ ആരോപിക്കുന്നു. ജീവനക്കാർക്ക് രക്ഷാപ്രവർത്തന പരിപാടികൾ അറിയില്ലെന്ന് പറയുന്നത് ജീവനക്കാരെ അപമാനിക്കുന്നതാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. നിലവിൽ ദിവസവും സ്കൂളുകളിൽ ക്ലാസ് എടുക്കുക, ബീറ്റ് ഓഫിസർ വർക്ക് ചെയ്യുക, വിവിധതരം അപകട രക്ഷാസഹായ വിളികൾ കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവക്ക് പിന്നാലെയാണ് ചൊവ്വാഴ്ചയിലെ പരിശീലന പീഡന പരിപാടിയെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

വേനലായതോടെ തീപിടിത്ത വിളികളിൽ നെട്ടോട്ടത്തിലാണ് അഗ്നിരക്ഷ സേനാംഗങ്ങൾ. ഇതിന് പുറമെയാണ് മറ്റ് രക്ഷാപ്രവർത്തനങ്ങൾ. വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുക്കുന്നതടക്കം അഗ്നിരക്ഷ സേനാംഗങ്ങളുടെ പ്രവൃത്തികളിലുണ്ട്. ഫയർ അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനം പാസായ ശേഷമാണ് സ്റ്റേഷനുകളിലെത്തുന്നത്. കിണറിൽ ഇറങ്ങുക, മരത്തിൽ കയറി രക്ഷാപ്രവർത്തനം നടത്തുക, മരംവെട്ടുക, സെപ്റ്റിക് ടാങ്കിൽ മൃഗങ്ങളും മനുഷ്യരും വീണാൽ രക്ഷാപ്രവർത്തനം നടത്തുക, വലിയ കെട്ടിടങ്ങളുടെ മുകളിൽ കയറി രക്ഷാപ്രവർത്തനം നടത്തുക എന്നിവയെല്ലാം സ്വയം പഠിച്ചെടുക്കുകയാണ്.

സ്വന്തം ജീവനും കുടുംബത്തെയും മറന്ന് അനുഭവ പരിചയമുള്ളവരുടെ പ്രവൃത്തി കണ്ടാണ് പുതിയ ജീവനക്കാർ പഠിക്കുന്നത്. ഒരു അപകടമുണ്ടായാൽ അടിസ്ഥാന ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സ്റ്റേഷൻ ഓഫിസർ മുതൽ ജില്ല ഫയർ ഓഫിസർ, റീജനൽ ഫയർ ഓഫിസർ എന്നിവരെല്ലാം രക്ഷാപ്രവർത്തനം അവസാനിക്കുമ്പോഴാകും എത്തുകയെന്നും സേനാംഗങ്ങൾ വിമർശിക്കുന്നു. പരിശീലന ഉത്തരവിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് സേനാംഗങ്ങൾ.

Tags:    
News Summary - district fire officer ordered weekly training for fire force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.