കൊമ്പുകോർത്ത് ജീവനക്കാർ: ആഘോഷവേളയിൽ റേഷൻ കടകൾ കാലി

തൃശൂർ: റമദാൻ വ്രതം, ഈസ്റ്റർ പിന്നാലെ വിഷു... ആഘോഷവേളയിൽ സമ്പന്നമാവുന്ന റേഷൻകടകൾ ഇത്തവണ കാലിയാവുകയാണ്. താലൂക്കുതല റേഷൻ ഗോഡൗണുകളുടെ പ്രവർത്തനം അവതാളത്തിലായതോടെ ജില്ലയിലെ 1178 റേഷൻകടകളിലേക്കും വാതിൽപടി വിതരണം മുടങ്ങിയിരിക്കുകയാണ്. ഗോഡൗണിന്‍റെ ചുമതലയേൽക്കാൻ ജീവനക്കാരില്ലാത്തതാണ് റേഷൻ ഭക്ഷ്യവസ്തുക്കളുടെ ശേഖരണ-വിതരണ പ്രക്രിയ അവതാളത്തിലാക്കുന്നത്. ഒരുമാസത്തെ റേഷൻ വസ്തുക്കൾ നേരത്തേ നൽകണമെന്നാണ് ദേശീയ ഭക്ഷ്യ സുരക്ഷ നിയമം (എൻ.എഫ്.എസ്.എ) നിഷ്കർഷിക്കുന്നത്. എന്നാൽ, ഇതിന് കഴിയാത്ത വിധം പ്രശ്നസങ്കീർണമാണ് കാര്യങ്ങൾ.

ശേഖരണവും വിതരണവും  അവതാളത്തിൽ

ജില്ലയിൽ കഴിഞ്ഞ 25ന് നിർത്തിയ ശേഖരണ-വിതരണം ഇപ്പോഴും അവതാളത്തിലാണ്. സ്റ്റോക്കെടുപ്പ് പറഞ്ഞാണ് 25ന് വിതരണം നിർത്തിയത്. സാധാരണഗതിയിൽ അടുത്ത മാസത്തെ വിതരണത്തിനുള്ള റേഷൻ വസ്തുക്കൾ നൽകുന്ന സമയത്താണ് ഇത്തരമൊരു നടപടി. സാധാരണ നിലയിൽ ഒന്നാം തീയതി നടത്തേണ്ട സ്റ്റോക്കെടുപ്പ് നേരത്തേ ആക്കിയതാണ് റേഷൻകടകൾ കാലിയാവാൻ കാരണം. അതോടൊപ്പം നേരത്തേ കേന്ദ്രം നൽകിയിരുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന ആഘോഷവേളയിൽ ഈ മാസം മുതൽ ആറുമാസം കൂടി നൽകാൻ ഉത്തരവായിട്ടുണ്ട്. ഇത് നൽകണമെങ്കിൽ എഫ്.സി.ഐയിൽനിന്ന് എടുത്ത് ഗോഡൗണുകളിൽ എത്തിച്ച് ഗോഡൗണുകളിൽനിന്ന് റേഷൻകടകളിലേക്ക് വാതിൽപടി വിതരണം നടത്തേണ്ടതുണ്ട്. ഇത് വിതരണം നടത്തുന്നതിന് ഇനിയും സമയം ഏറെ വേണ്ടിവരും.

ഏഴിൽ ആറു താലൂക്കിനും  ഒരു കരാറുകാരൻ

ജില്ലയിൽ ഏഴിൽ ആറു താലൂക്കുകളിലും ഒരാൾക്ക് തന്നെയാണ് റേഷൻ വസ്തുക്കളുടെ ശേഖരണ-വിതരണ-ഗതാഗത കരാർ. തൃശൂർ, ചാവക്കാട്, കുന്നംകുളം, തലപ്പള്ളി, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിൽ കൊടുങ്ങല്ലൂർ ഒഴികെ കരാർ ഏറ്റെടുത്തിരിക്കുന്നത് വിവിധ പേരുകളിൽ ഒരാളാണ്. അതുകൊണ്ടുതന്നെ വിവിധ താലൂക്കുകളിലേക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ വാഹനം ഈ ആറു താലൂക്കുകളിലില്ല. ഊഴം അുസരിച്ച് ഒന്നിന് പിറകെ ഒന്ന് എന്ന നിലയിലാവും എഫ്.സി.ഐയിൽനിന്ന് റേഷൻ വസ്തുക്കൾ ഗോഡൗണുകളിൽ ശേഖരിക്കുന്നതും തുടർന്ന് റേഷൻകടകളിലേക്ക് വാതിൽപടി വിതരണം നടത്തുന്നതും. ഇത് വൈകിയതിനാൽ ജനങ്ങൾക്കുള്ള വിതരണവും വൈകും.

പൂർണ സജ്ജമാവാതെ എൻ.എഫ്.എസ്.എ

സിവിൽ സപ്ലൈസ് കോർപറേഷനാണ് കേരളത്തിൽ റേഷൻ ശേഖരണ-വിതരണത്തിനുള്ള നോഡൽ എജൻസി. ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം (എൻ.എഫ്.എസ്.എ) പൊതുമേഖലയിലാണ് ഗോഡൗണുകൾ പ്രവർത്തിക്കേണ്ടത്. നേരത്തേ സ്വകാര്യ വ്യക്തികൾ നടത്തിയിരുന്ന ഗോഡൗണുകളുടെ പ്രവർത്തനം പൂർണമായി പൊതുമേഖലയിൽ ആക്കുന്നതിൽ അധികൃതർ ഇതുവരെ വിജയിച്ചിട്ടില്ല. ഇത് സൃഷ്ടിക്കുന്ന ജോലിഭാരവും ബാധ്യതയുമാണ് ഗോഡൗണുകളുടെ ചുമതല ഏൽക്കുന്നതിൽനിന്ന് ജീവനക്കാർ പിന്മാറാൻ കാരണം.

സംസ്ഥാനത്ത് എൻ.എഫ്.എസ്.എ നടപ്പാക്കിയ സന്ദർഭത്തിൽ അനുവദിച്ച 318 തസ്തികകളിൽ 40 തസ്തികകൾ വകുപ്പ്‌ ജീവനക്കാർക്കും 276 തസ്തികകൾ സിവിൽ സപ്ലൈസ് കോർപറേഷനിലെ ജീവനക്കാർക്കും അനുവദിച്ചിരുന്നു. ഗോഡൗണിന്‍റെ ചുമതല വഹിക്കേണ്ട 80 തസ്തികകളിൽ 40 വീതം പൊതുവിതരണ വകുപ്പിനും കോർപറേഷനും വീതിച്ചു നൽകിയിരുന്നു. അതേസമയം, ഈ തസ്തികകളിൽ സ്ഥാനക്കയറ്റം കിട്ടിയ ജീവനക്കാരിൽ ഭൂരിഭാഗവും ഇതിന് തയാറാകാതെ നേരത്തേയുള്ള ജോലിയിൽ തുടരുകയാണ്. ഇതുമൂലം ഗോഡൗണുകളിൽ പലതിലും നാഥനില്ലാത്ത സ്ഥിതിയാണ്.

കൊമ്പുകോർത്ത് ജീവനക്കാർ

എൻ.എഫ്.എസ്.എയിൽ ജോലി ചെയ്യുന്ന കോർപറേഷൻ-വകുപ്പ് ജീവനക്കാർ തമ്മിലെ പ്രശ്നം പരിഹരിക്കാനായിട്ടില്ല. 300 വീതം റേഷനിങ് ഇൻസ്പെക്ടർമാരെയും യു.ഡി, എൽ.ഡി ക്ലർക്കുമാരെയും പൊതുവിതരണ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷൻ വഴി നിയമിച്ചത് പൊതുവിതരണ രംഗത്ത് പ്രവർത്തിക്കാനാണ്. എൻ.എഫ്.എസ്.എയിൽ അവർ ജോലി ചെയ്യാൻ തയാറല്ലെങ്കിൽ അവരെ വകുപ്പിലേക്ക് തിരിച്ചയച്ച് കോർപറേഷൻ ജീവനക്കാർക്ക് ജോലിക്കയറ്റം നൽകണം എന്നാണ് കോർപറേഷൻ ജീവനക്കാരുടെ നിലപാട്. ഈ നിലപാട് വകുപ്പ് മന്ത്രിയും കമീഷണറും സപ്ലൈകോയും അംഗീകരിച്ചുവെന്നാണ് അവരുടെ അവകാശവാദം. ഇതനുസരിച്ച് സീനിയറായ വകുപ്പ് ജീവനക്കാരെ എല്ലാ താലൂക്കിലും നിയമിക്കണം. 300 റേഷനിങ് ഇൻസ്പെക്ടർമാർക്ക് പുറമെ 40 തസ്തിക അധികമായി വകുപ്പ് ജീവനക്കാർക്ക് അവദിച്ചതാണ്. ഇവരെ നിയമിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് അവർ പറയുന്നത്. 

Tags:    
News Summary - Employees on strike: Ration shops empty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.