തൃശൂർ: തെരഞ്ഞെടുപ്പിൽ നെട്ടിശ്ശേരിയിൽ വർഗീസ് അടിച്ചുവിട്ട പന്ത് കോൺഗ്രസിെൻറ ഗോൾവലയിൽ പതിച്ചപ്പോൾ നേടിയത് വെറും വിജയം മാത്രമല്ല, തൃശൂരിെൻറ മേയറെന്ന ചരിത്രപദവിയും. ഗ്രൂപ്പുവഴക്കിലും ഇഷ്ടക്കാർക്ക് സീറ്റൊരുക്കാനുള്ള തത്രപ്പാടിലും കോൺഗ്രസ് വർഗീസിനെ കൈവിട്ടപ്പോൾ കിട്ടിയ അവസരം മുതലെടുത്ത ഇടതുമുന്നണി വർഗീസിലൂടെ നേടിയത് തൃശൂർ കോർപറേഷനിൽ തുടർഭരണവും.
ഇന്ത്യന്‍ ആര്‍മിയിൽ പട്ടാളക്കാരനായ എം.കെ. വർഗീസ് ഇനി രാജ്യം കാത്ത മികവോടെ തൃശൂരിനെയും കാക്കും. മേനാച്ചരി പരേതരായ കൊച്ചാപ്പു- മറിയം ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂത്തമകനായി 1956ലാണ് വർഗീസിെൻറ ജനനം. ആന്‍ഡ്രൂസ്, പോള്‍, ഡിക്‌സണ്‍, ബേബി ജോസ് എന്നിവരാണ് സഹോദരങ്ങൾ. ഭാര്യ ലിസി സഹകരണബാങ്കില്‍നിന്ന് വിരമിച്ച് ഇപ്പോള്‍ ഗൃഹഭരണം. മേനാച്ചരി കുടുംബക്കാരുടെ മുക്കാട്ടുകര, മണ്ണുത്തി പ്രദേശത്തെ കൂട്ടായ്മയാണ് വർഗീസിെൻറ പ്രചോദനം. എല്‍.പി പഠനം മണ്ണുത്തി സി.എം.എസ് സ്‌കൂളിലും ഹൈസ്‌കൂള്‍ പഠനം വി.വി.എസ് സ്‌കൂളിലുമായിരുന്നു. എറണാകുളം ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളിൽ അഗ്രികള്‍ച്ചര്‍ കോഴ്‌സ് പഠിച്ചു. 1975ല്‍ മിലിറ്ററിയില്‍ ചേര്‍ന്നു. ഫയര്‍ പരിശീലനം നേടിയിരുന്നു.
1986ല്‍ പട്ടാളത്തില്‍നിന്ന് വിരമിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങി. 1995ല്‍ ഒല്ലൂക്കര പഞ്ചായത്തംഗമായി വിജയിച്ചു. 2000ലും 2010ലും കോർപറേഷന്‍ കൗണ്‍സിലറായിരുന്നു. ബിസിനസ് രംഗത്തും കുറെനാള്‍ ഉണ്ടായിരുന്നു. തുടർന്ന് മുഴുസമയ രാഷ്ട്രീയത്തിലേക്കിറങ്ങി. പാര്‍ട്ടിയുടെ ഒരു ഭാരവാഹിയുമാകാതെ സജീവമായി പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. വീടിനു സമീപത്തെ താമസക്കാര്‍ക്ക് കുടിവെള്ളം കിട്ടാതെവന്നപ്പോള്‍ ജനസേവനസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തിയാണ് പൊതുരംഗത്ത് കൂടുതല്‍ സജീവമായത്. വര്‍ഷങ്ങളായി ജനസേവനസമിതിയുടെ പ്രസിഡൻറാണ്. ആക്ട്സ് ജില്ല പ്രസിഡൻറാണ്. വൈ.എം.സി.എയുടെ മണ്ണുത്തി ഭാരവാഹിയുമാണ്.
തെരഞ്ഞെടുപ്പ് വിജയവും മേയർപദവിയും അപ്രതീക്ഷിതമെങ്കിലും വർഗീസിന് അത് മധുരപ്രതികാരംകൂടിയാണ്. തന്നെ അവഗണിച്ചവരോടുള്ള മറുപടി. തനിക്ക് ഇങ്ങനെ ഒരു അവസരം നൽകിയതിന് കോൺഗ്രസിനോട് നന്ദിയുണ്ടെന്ന് വർഗീസ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിൽ തുടങ്ങിയ തർക്കം ഇനിയും പരിഹരിക്കാനായിട്ടില്ല. മേയർസ്ഥാനാർഥിയായി ആരെ നിർദേശിക്കണമെന്നതിൽപോലും തിങ്കളാഴ്ച രാവിലെ വരെയും ആശയക്കുഴപ്പമായിരുന്നു.
തൃശൂർ: മേയറായി ചുമതലയേറ്റശേഷം എം.കെ. വർഗീസ് ആദ്യം ഒപ്പിട്ടത് 167 കുടുംബങ്ങൾക്ക് വീട് നൽകാനുള്ള ഫയലിൽ. ലൈഫ് - പി.എം.എ.വൈ പദ്ധതിപ്രകാരം 167 കുടുംബങ്ങൾക്ക് വീടുനിർമാണത്തിന് നാലു ലക്ഷം അനുവദിച്ചുള്ള ഫയലിലാണ് ഒപ്പിട്ടത്.
എൽ.ഡി.എഫ് പ്രകടനപത്രികയിലുള്ള ജനക്ഷേമപദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ചുമതലയേറ്റശേഷം എം. കെ. വർഗീസ് പറഞ്ഞു. പാവപ്പെട്ടവർക്ക് പ്രഥമ പരിഗണന നൽകും. മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടികളിൽ കോർപറേഷൻ നടപ്പാക്കേണ്ടത് ഏറ്റെടുക്കും.
നഗരത്തിൽ ഇ-ടോയ്‌ലറ്റ് പദ്ധതി നടപ്പാക്കും. ജില്ലക്ക് പുറത്തുനിന്ന് വിദൂരസ്ഥലങ്ങളിൽനിന്നും മറ്റും നഗരത്തിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമുള്ള കംഫർട്ട് സ്റ്റേഷനുകളും ഇ-ടോയ്‌ലെറ്റുകളും നഗരത്തിെൻറ വിവിധഭാഗങ്ങളിൽ സ്ഥാപിക്കും. രാഷ്ട്രീയത്തിന് അതീതമായി ആവശ്യങ്ങൾക്ക് പരിഗണന നൽകുമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.