പെരിഞ്ഞനം: പ്രളയ ബാധിതർക്കായി പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ നിർമിച്ച ഭവന സമുച്ചയം അർഹർക്ക് കൈമാറാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായാണ് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രളയപ്പുര എന്ന പേരിൽ ഭവന സമുച്ചയം പണിതത്. അഞ്ചാം വാർഡിലെ കനോലി കനാലിനോട് ചേർന്ന 62 സെന്റ് സർക്കാർ പുറമ്പോക്കിലാണ് റോട്ടറി ക്ലബിന്റെ സി.എസ്.ആർ ഫണ്ട് ചെലവഴിച്ച് കെട്ടിടം പണിതത്. ഇരുനിലകളിലായി 530 ചതുരശ്ര അടി വീതം 14 വീടുകളാണ് നിർമിച്ചത്. ഇവിടേക്കുള്ള റോഡ്, കാന സംരക്ഷണഭിത്തി കെട്ടൽ, വൈദ്യുതീകരണം അടക്കമുള്ള പണികളും പൂർത്തീകരിച്ചു.
2020 സെപ്റ്റംബർ 12ന് അന്നത്തെ തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ പ്രളയപ്പുര ഉദ്ഘാടനം നിർവഹിക്കുകയും താക്കോൽ കലക്ടർക്ക് കൈമാറുകയും ചെയ്തു. എന്നാൽ, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മാത്രമേ പ്രളയപ്പുര നൽകാൻ കഴിയൂ എന്ന നിയമ വ്യവസ്ഥ വിലങ്ങുതടിയായി. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ എണ്ണം പെരിഞ്ഞനം പഞ്ചായത്തിൽ കുറവായതിനാൽ പ്രളയപ്പുരയിലെ ചില വീടുകൾ മാത്രമാണ് കൈമാറാൻ കഴിഞ്ഞത്. ഒടുവിൽ ഇ.ടി. ടൈസൺ എം.എൽ.എയുടെ ഇടപെടലിലാണ് മന്ത്രിസഭ യോഗത്തിൽ പുതിയ തീരുമാനത്തിന് കാരണമായത്. അർഹരായ ഭവനരഹിതർക്ക് പ്രളയപ്പുരയിൽ താമസിക്കാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകുകയായിരുന്നു. പ്രളയബാധിതരെ കൂടാതെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത പഞ്ചായത്തിലെ അർഹരായ കുടുംബങ്ങൾക്കും ഭരണ സമിതി ഗുണഭോക്തൃ പട്ടികയിൽ ഉൾപെട്ടവർക്കും സർക്കാർ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.