ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ തദ്ദേശീയ വാഹനങ്ങള്‍ക്ക് കരാര്‍ കമ്പനി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ചയും മാറ്റമില്ലാതെ തുടര്‍ന്നു. ഒരാളുടെ പേരിലുള്ള ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന യാത്ര ഇളവ് ഒരുമാസമായി കമ്പനി നിര്‍ത്തലാക്കിയിരുന്നു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.കെ. രാമചന്ദ്രന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് കലക്ടര്‍ ഇടപെട്ടതായും മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചതായും കഴിഞ്ഞ ദിവസം എം.എല്‍.എ അറിയിച്ചിരുന്നു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടോള്‍ പ്ലാസയില്‍ നിലവില്‍ അനുവദിച്ചിരുന്ന ആനുകൂല്യങ്ങള്‍ തുടരുമെന്ന് ഉറപ്പു നല്‍കിയതായും പറഞ്ഞിരുന്നു. എന്നാല്‍, വെള്ളിയാഴ്ചയും ടോള്‍ പ്ലാസ അധികൃതര്‍ സൗജന്യ യാത്രക്കുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കാനോ ഒരാളുടെ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് യാത്ര ഇളവ് അനുവദിക്കാന്‍ തയാറാവുകയോ ചെയ്തില്ല. ചില യാത്രക്കാര്‍ മാധ്യമവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി പ്രശ്നം ചോദ്യം ചെയ്തതോടെ നാല് അപേക്ഷകള്‍ സ്വീകരിച്ചു. എന്നാല്‍, ഇളവ് ആര്‍ക്കും നല്‍കിയിട്ടില്ല.
കലക്ടറും എം.എല്‍.എയും പ്രശ്നത്തില്‍ ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്തെങ്കിലും ഉത്തരവ് ലഭിക്കാതെ നിലവിലെ നടപടിയില്‍ മാറ്റം വരുത്താനാവില്ലെന്നാണ് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.