തളിക്കുളം: ആരോഗ്യ കേന്ദ്രം മലിനമാക്കാനുള്ള സ്വകാര്യ സ്ഥാപന ഉടമയുടെ നീക്കത്തിനെതിരെ തളിക്കുളം ഗ്രാമപഞ്ചായത്ത് നടപടിയെടുത്തു. തളിക്കുളം കലാഞ്ഞിയിലെ പുതുതായി നിർമിച്ച കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ മാലിന്യം നിറച്ച ചാക്കുകൾ ഉപേക്ഷിച്ച സംഭവത്തിൽ പഞ്ചായത്ത് പിഴ ചുമത്തുകയായിരുന്നു.
വാടാനപ്പള്ളിയിലെ ഇ മാക്സ് ഫൂട്ട് വെയറിന് 10,000 രൂപയാണ് പിഴ ചുമത്തിയത്. ശനിയാഴ്ച മാലിന്യചാക്കുകൾ കാണാനിടയായ വിവരം തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ സുജിത്ത്, വാർഡ് അംഗം വിനയപ്രസാദ് എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിതയെ അറിയിച്ചു. തുടർന്ന് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബുഷ്റ അബ്ദുൽ നാസർ, സിങ് വാലത്ത്, സന്ധ്യാ മനോഹരൻ, ഹരിത കർമസേന അംഗങ്ങൾ എന്നിവരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചാക്കിൽ സ്ഥാപനത്തിന്റെ മുദ്രയും ചാക്കിനകത്തുനിന്ന് സ്ലിപ്പുകളും ലഭിച്ചു.
ഇതേതുടർന്ന് വ്യാപാരിയെ വിളിച്ചുവരുത്തുകയും മാലിന്യം അവരെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കുകയുമായിരുന്നു. തുടർന്ന് പിഴയും ചുമത്തി. എന്നാൽ, തങ്ങളല്ല മാലിന്യം തള്ളിയതെന്ന് സ്ഥാപന ഉടമ പറഞ്ഞു. തളിക്കുളത്തെ ആരോഗ്യ വിഭാഗം അറിയിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, സെക്രട്ടറി ലിൻസ് എന്നിവർ സ്ഥലത്തെത്തുകയും സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.