ആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ചൊവ്വാഴ്ച വൈകീട്ട് മുതൽ പാലക്കാട് ദിശയിലേക്കുള്ള എല്ലാ ബൂത്തുകൾക്ക് മുന്നിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ചില സമയങ്ങളിൽ മണലിപാലം വരെ വാഹന നിര നീണ്ടു. അര മണിക്കൂറിലേറെ സമയം എടുത്താണ് വാഹനങ്ങൾ ടോൾ പ്ലാസ കടന്നത്. വരിയിൽ കുടുങ്ങിയ വാഹനയാത്രികർ പ്രകോപിതരായ സന്ദർഭങ്ങളുമുണ്ടായി.
ഇത്രയേറെ വാഹനങ്ങൾ ടോൾ പ്ലാസയിൽ കുടുങ്ങിയിട്ടും ടോൾ ബൂത്ത് തുറന്ന് തിരക്ക് നിയന്ത്രിക്കാൻ കമ്പനി അധികൃതർ തയാറാകാത്തതും യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. പല സമയത്തും വാഹനങ്ങളുടെ ഹോൺ മുഴക്കിയാണ് യാത്രക്കാർ പ്രതിഷേധിച്ചത്.
തൃശൂർ ഭാഗത്തേക്കുള്ള ആംബുലൻസുകൾക്കും ടോൾ പ്ലാസ കടക്കാൻ ഏറെ പ്രയാസം നേരിട്ടു. തിരക്കേറിയിട്ടും വാഹനങ്ങൾ വിടാൻ പൊലീസും ഇടപെട്ടില്ല. ദേശീയപാതയിൽ പലയിടങ്ങളിൽ റീടാറിങ് നടക്കുന്നതും വേനൽ അവധിയിൽ വാഹനങ്ങൾ കൂടിയതും തിരക്ക് കൂടാൻ കാരണമായി.
പുതുക്കാട്, ആമ്പല്ലൂർ സിഗ്നലുകളിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. അതേസമയം, എറണാകുളം ഭാഗത്തേക്കുള്ള ദിശയിൽ തിരക്ക് കുറവായിരുന്നു. തൃശൂർ പൂരം പ്രമാണിച്ച് വരും ദിവസങ്ങളിൽ ടോൾ പ്ലാസയിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.