തൃശൂർ: കോർപറേഷൻ പരിധിയിൽ പൊതുശൗചാലയങ്ങളുടെ അവസ്ഥ പരമ ദയനീയം. മിക്ക ശൗചാലയങ്ങളും ദുർഗന്ധം നിറഞ്ഞും പൊട്ടിപ്പൊളിഞ്ഞും ആളുകൾക്ക് കയറാൻ പോലും കഴിയാത്തത്ര വൃത്തിഹീനമാണ്. ചിലത് പൂട്ടിക്കിടക്കുകയാണ്. കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ മിക്കയിടത്തും നടക്കുന്നില്ല.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലാണ് പൊതുശൗചാലയങ്ങളുടെ ദുരവസ്ഥ തെളിയുന്നത്.വജ്രജൂബിലി വർഷത്തോടനുബന്ധിച്ച് പരിഷത്ത് 2021 -22ൽ ജില്ലയിൽ ‘തുല്യരാണ് നമ്മൾ -ആർത്തവ ആരോഗ്യം സാമൂഹിക ഉത്തരവാദിത്വം’ എന്നപേരിൽ കാമ്പയിൽ സംഘടിപ്പിച്ചിരുന്നു.
ഇതിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുശൗചാലയങ്ങൾ സംബന്ധിച്ച് പഠനം സംഘടിപ്പിച്ചത്. കേരള വർമ കോളജിലെ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് വിവരശേഖരണം നടത്തിയത്.21 കേന്ദ്രങ്ങളിലാണ് പ്രധാനമായും പഠനം നടത്തിയത്.
നഗരത്തിലെ വടക്കേ സ്റ്റാൻഡ്, നെഹ്റു പാർക്ക് കുട്ടികളുടെ ടോയ്ലറ്റ്, ശക്തൻ മാർക്കറ്റിലെ വഴിയിടം ഒഴികെ നഗരത്തിൽ മറ്റൊരിടത്തും ഇടവിട്ട സമയങ്ങളിൽ കൃത്യമായ ശുചീകരണം നടക്കുന്നില്ല. മിക്ക ശൗചാലയങ്ങളിൽനിന്നും അസഹനീയമായ ദുർഗന്ധം വമിക്കുന്നുണ്ട്.
ചിലയിടങ്ങളിൽ മലം കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. അറ്റകുറ്റപ്പണികളും കൃത്യമായി നടക്കുന്നില്ല. ചിലയിടങ്ങളിൽ മലിനജലം പുറത്തേക്ക് ഒഴുകുന്നതായും പഠനത്തിൽ കണ്ടെത്തി. ഭരണ സിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ പോലും മൂക്ക് പൊത്താതെ ശുചിമുറികളിൽ പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പഠനത്തിൽ കണ്ടെത്തി.
സർവേയിൽ പങ്കെടുത്ത സ്ത്രീകളും വൃത്തിയുള്ള പൊതുശൗചാലയത്തിന്റെ അഭാവംമൂലം മണിക്കൂറുകൾ മൂത്രമൊഴിക്കാതെ കഴിയുന്നവരാണെന്ന് വെളിപ്പെടുത്തിയതായി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡന്റ് പ്രഫ. സി. വിമല, സെക്രട്ടറി പി.എസ്. ജൂന, സർവേക്ക് നേതൃത്വം നൽകിയ എം.ജി. ജയശ്രീ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യഥാസമയം മൂത്രം ഒഴിക്കാതിരിക്കുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്യുന്നതുമൂലം പലരും ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. ചിലർക്ക് ഇതുമൂലമുള്ള ആരോഗ്യകാര്യങ്ങളിൽ അജ്ഞത പ്രകടമാണെന്നും ഇവർ പറഞ്ഞു. പൊതുശൗചാലയങ്ങളുടെ ശുചീകരണം കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കണം. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സാനിറ്റേഷൻ സൊസൈറ്റി രൂപവത്കരിച്ച് പരിപാലന ചുമതല നൽകുന്നത് വിജയകരമാണെന്ന് പലയിടങ്ങളിലും തെളിഞ്ഞിട്ടുണ്ട്.
ഇത് കോർപറേഷനിലും നടപ്പാക്കാവുന്നതാണ്. സി.ഡി.എസ് തലത്തിൽ സാനിറ്റേഷൻ സൊസൈറ്റി രൂപവത്കരിച്ച് കോർപറേഷൻ പരിധിയിൽ വരുന്ന എല്ലാ ശൗചാലയങ്ങളുടേയും നടത്തിപ്പും പരിപാലനവും ഏൽപിച്ചു കൊടുക്കാം.
ചില കുറവുകൾ ചൂണ്ടിക്കാട്ടാമെങ്കിലും ജില്ലയിൽ മാതൃകപരമായി പ്രവർത്തിക്കുന്ന ഗുരുവായൂർ വഴിയോര വിശ്രമകേന്ദ്രത്തിലേയും കുന്നംകുളം ബസ് സ്റ്റാൻഡിലേയും പൊതുശൗചാലയങ്ങൾ പഠനത്തിന്റെ ഭാഗമായി സന്ദർശിച്ചതായി പരിഷത്ത് ഭാരവാഹികൾ പറഞ്ഞു. പരിഷത്ത് മേഖല പ്രസിഡന്റ് ശശികുമാർ പള്ളിയിൽ, കോലഴി മേഖല പ്രസിഡന്റ് എം.എം. ലീലാമ്മ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.