തൃശൂർ: ക്രിസ്മസ് വേതനമില്ലാതെ പട്ടിണിയിലായതിന് പിന്നാലെ ബാലഭവൻ ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. മൂന്നുമാസമായി ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ വലഞ്ഞ ജീവനക്കാർക്ക് ക്രിസ്മസ് ഒരു പ്രതീക്ഷയായിരുന്നു. എന്നാൽ, സർക്കാർ കനിയാതെ വന്നതോടെ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ജീവനക്കാർ.
സെപ്റ്റംബർ മുതൽ നവംബർ വരെ വേതനമില്ലാതെയാണ് 11 സ്ഥിരം ജീവനക്കാർ ജോലി ചെയ്യുന്നത്. തൃശൂരിന് പുറമേ കൊല്ലം ജില്ലയിലും ഏഴുമാസമായി വേതനമില്ലാത്ത സാഹചര്യമാണ്. വേതന വർധന കുടിശ്ശിക തുകയും ഇതുവരെ നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിച്ച പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്.
2022 -23 സാമ്പത്തിക വർഷം മാർച്ച് 31നകം കുടിശ്ശിക തീർക്കാമെന്ന ഡയറക്ടറുടെ ഉറപ്പ് നടപ്പായില്ല. നിലവിലെ സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന ആദ്യഗഡു വാങ്ങി കുടിശ്ശികയിൽ കുറച്ച് തന്നു തീർക്കാനുള്ള നീക്കം പാളുകയായിരുന്നു. അതിനുശേഷം ഓണത്തോടെ നേരത്തേയുള്ള കുടിശ്ശിക തീർത്തു.
തുടർന്ന് വീണ്ടും മുടങ്ങുയാണ് ഉണ്ടായത്. അതിനിടെ ഓൺഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ എടുത്ത് അരമാസത്തെ ശമ്പളം നൽകിയതല്ലാതെ സർക്കാർ ഇടപെടൽ ഉണ്ടായില്ല. അതേസമയം, 10 താൽക്കാലിക ജീവനക്കാർക്ക് വേതനം മുടങ്ങിയിട്ടില്ല. ശമ്പളത്തിന് പുറമേ 2008ലേയും 2017ലേയും ശമ്പള പരിഷ്കരണ കുടിശ്ശികയുമായി 1.30 കോടി രൂപയും ജീവനക്കാർക്ക് കിട്ടാനുണ്ട്. ദൈനംദിന ഭരണ ചുമതല വഹിക്കുന്ന ഭരണസമിതിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർക്കും പ്രിൻസിപ്പലിനും നൽകുന്ന ഓണറേറിയവും കുടിശ്ശികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.