ചാവക്കാട്: കുരഞ്ഞിയൂരിൽ യുവാവ് മരിച്ചത് വാനര വസൂരി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു സമ്പർക്ക പട്ടിക തയാറാക്കി. ഇതിൽ യുവാവുമായി അടുത്ത സമ്പർക്കം പുലർത്തിയ നാല് പേരെ കുറിച്ച് ഇനിയും വ്യക്തതയില്ല.
സമീപ പ്രദേശത്തെ ഒരു ബാർബർ ഷോപ്പിലാണ് യുവാവ് മുടി വെട്ടാൻ പോയിരുന്നത്. അതിനാൽ ആ ബാർബറും സമ്പർക്ക പട്ടികയിലുണ്ട്. എന്നാൽ അവിടെ യുവാവിനോടൊപ്പം പോയ ഒരു സുഹൃത്ത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഇയാളുൾപ്പെടെ നാല് പേരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ആരോഗ്യ വകുപ്പ്.
പഞ്ചായത്തിലെ എട്ടാം വാർഡിലാണ് മരിച്ച യുവാവിന്‍റെ വീട്. ആറാം വാർഡിനോട് ചേർന്ന പ്രദേശമായതിനാൽ എട്ടാം വാർഡിനൊപ്പം ആറാം വാർഡിലെ സമീപ പ്രദേശത്തുള്ള വീടുകളിൽ കാമ്പയിൻ നടത്തും. 50 വീടുകളിലാണ് കാമ്പയിൻ നടത്തുന്നത്. തിങ്കളാഴ്ച ഉച്ചക്കുശേഷം കനത്ത മഴയായതിനാൽ പ്രവർത്തനം തുടങ്ങാനായില്ല. ചൊവ്വാഴ്ച തുടങ്ങാനാണ് തീരുമാനം. കാമ്പയിനിൽ ആരോഗ്യ വകുപ്പ് ഇൻസ്പെക്ടർ ഹരിദാസും പഞ്ചായത്തിലെ രണ്ട് അംഗങ്ങളും ആശാ വർക്കർമാരും ആർ.ആർ.ടി അംഗങ്ങളും പങ്കെടുക്കും.
യോഗത്തിൽ യുവാവുമായി സമ്പർക്കം പുലർത്തിയവരെ കുറിച്ചുള്ള പട്ടിക തയാറാക്കി. 20 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇതിൽ യുവാവിനൊപ്പം ഫുട്ബാൾ കളിച്ച ഒമ്പത് പേരും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവാവിനെ കൊണ്ടുവരാൻ പോയ നാല് പേരും യുവാവിന്‍റെ മാതാവും സഹാദരിയും ഉൾപ്പെട്ടിട്ടുണ്ട്. യുവാവിന്‍റെ വീട്ടിൽ ജോലിക്കെത്തിയ രണ്ട് സ്ത്രീകളും വീട്ടിൽ അറ്റകുറ്റപ്പണിക്കെത്തിയ സിമന്‍റ് പണിക്കാരനായ ഒരാളും പട്ടികയിലുണ്ട്. യുവാവിന് വാനര വസൂരിയാണെന്ന് അറിയുന്നതിനു മുമ്പ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ വീട് വൃത്തിയാക്കാനെത്തിയ അയൽപക്കത്തുള്ളവരാണ് ഈ സ്ത്രീകൾ.
ഇതിനിടയിൽ പട്ടികയിലുള്ള രണ്ട് പേർ പരീക്ഷയുണ്ടായിരുന്നതിനാൽ കോളജിലേക്ക് പോയിരുന്നു. ഇവർക്ക് പ്രത്യേകം ഇരിപ്പിടം കോളജ് അധികൃതർ തയാറാക്കിയാണ് പരീക്ഷക്കിരുത്തിയത്. പട്ടികയിലുള്ള എല്ലാവരോടും സ്വയം നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരെ നിരീക്ഷിക്കാനും ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുവാവിന്‍റെ കൂടെ ഫുട്ബാൾ കളിച്ചവരിൽ നാല് പേർ ചെറിയ വീട്ടിൽ നിന്നുള്ളവരാണ്.
ഇവർക്ക് മറ്റൊരിടത്ത് സൗകര്യമൊരുക്കാനും ഭക്ഷണമൊരുക്കാനും പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.