തൃശൂർ: ശ്രീ കേരളവർമ, കെ.ആർ. തോമസിന്റെയും ഇ.കെ. ബാലന്റെയും കോളജ്.... കാമ്പസിനകത്ത് എസ്.എഫ്.ഐയുടെ യൂനിറ്റ് ഓഫിസ് പ്രവർത്തിപ്പിക്കുന്ന കോളജ്. ചെങ്കോട്ട... പക്ഷേ, പതിറ്റാണ്ടുകൾക്കിപ്പുറം ആ കോട്ട നിലനിർത്തിയതിന്റെ ആശ്വാസത്തിനൊപ്പം ഇളക്കമുണ്ടാവുന്നുണ്ടോയെന്ന സൂചന കൂടിയുണ്ട് വിജയത്തിനിടയിലും.
യൂനിയൻ തെരഞ്ഞെടുപ്പിൽ ആദ്യം ഒരു വോട്ടിനും പിന്നെ 11 വോട്ടിനും ഒടുവിൽ ഹൈകോടതി നിർദേശപ്രകാരം നടന്ന റീ കൗണ്ടിങ്ങിൽ മൂന്ന് വോട്ടുകൾക്കും ചെയർമാൻ സ്ഥാനത്തേക്ക് വിജയിക്കുകയെന്നത് എസ്.എഫ്.ഐയെയും സി.പി.എമ്മിനെയും ആശങ്കപ്പെടുത്തുന്നതാണ്. മറ്റ് സ്ഥാനാർഥികൾക്കെല്ലാം വമ്പൻ ഭൂരിപക്ഷമുണ്ടാവുകയും ചെയർമാൻ സ്ഥാനാർഥി മാത്രം ഫോട്ടോ ഫിനിഷിങ്ങിൽ കഷ്ടിച്ച് കടന്നുകൂടേണ്ടി വന്നതിനും പിന്നിൽ കെ.എസ്.യു സ്ഥാനാർഥിയുടെ കാഴ്ചപരിമിതിയാലുള്ള സഹതാപമെന്ന് പറഞ്ഞ് നിൽക്കാമെങ്കിലും ‘കോട്ട’ എപ്പോൾ വേണമെങ്കിലും പൊളിയാമെന്ന ആശങ്കയുണ്ടെന്ന വിലയിരുത്തൽ കൂടി സി.പി.എം നേതൃത്വം എസ്.എഫ്.ഐക്ക് നൽകുന്നുണ്ട്.
സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട കോളജും ഹൈകോടതി കയറിയ വിവാദവുമായെന്നതിനാൽ പൊതുതിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്ന ഉദ്വേഗത്തോടെയായിരുന്നു ഫലമറിയാനുള്ള കാത്തിരിപ്പ്. നാല് പതിറ്റാണ്ടിലേറെക്കാലം കുത്തകയാക്കി വെച്ച കാമ്പസ് റീ കൗണ്ടിങ്ങിനൊടുവിൽ നിലനിർത്തിയതിന്റെ ആശ്വാസത്തിലാണ് എസ്.എഫ്.ഐ. ആക്ഷേപമുയർന്ന സാഹചര്യത്തിൽ കൃത്യമായ മാർഗനിർദേശങ്ങളും കരുതലോടെയുമായിരുന്നു നടപടിക്രമങ്ങൾ. കഴിഞ്ഞ ദിവസം തന്നെ സ്ഥാനാർഥികളുടെയും വിദ്യാർഥി സംഘടന പ്രതിനിധികളുടെയും യോഗം ചേർന്ന് വോട്ടെണ്ണൽ നടപടികൾ വിശദീകരിച്ചിരുന്നു.
സ്ട്രോങ് റൂം തുറക്കുന്നത് മുതൽ ടാബുലേഷൻ ഷീറ്റിൽ വരണാധികാരി ഒപ്പുവെച്ച് ഫലപ്രഖ്യാപനവും സ്ഥാനാർഥികൾ ഒപ്പുവെക്കുന്നത് വരെയുള്ളവയെല്ലാം പൂർണമായും കാമറയിൽ പകർത്തിയിരുന്നു. വൈദ്യുതി തടസ്സം നേരിടാത്ത വിധത്തിൽ ഇൻവെർട്ടർ സൗകര്യമുള്ള പ്രിൻസിപ്പലിന്റെ ചേംബറിനോട് ചേർന്നുള്ള മുറിയിലായിരുന്നു വോട്ടെണ്ണൽ.
സ്ഥാനാർഥികൾക്കും സ്ഥാനാർഥികളുടെ രണ്ട് വീതം പ്രതിനിധികൾക്കുമായിരുന്നു വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് അനുമതിയുണ്ടായിരുന്നത്. സംഘർഷം കണക്കിലെടുത്ത് വൻ പൊലീസ് സേനയെയും സജ്ജമാക്കിയിരുന്നു. ഒമ്പതേ മുക്കാലോടെ സ്ട്രോങ് റൂം തുറന്ന് ബോക്സുകൾ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിച്ചു. 10 പത്തോടെയാണ് റീ കൗണ്ടിങ് നടപടികൾ ആരംഭിച്ചത്. 13 ബൂത്തുകളിലെ വോട്ടുകൾ ആദ്യം എണ്ണി തിട്ടപ്പെടുത്തി ബാലറ്റുകളിൽ നിന്നും അസാധു വോട്ടുകൾ വേർതിരിച്ചു. കഴിഞ്ഞ തവണ 27 വോട്ടുകളായിരുന്നു അസാധുവായുണ്ടായിരുന്നത്.
എന്നാൽ റീ കൗണ്ടിങ്ങിൽ 34 വോട്ടുകളാണ് അസാധുവായി കണ്ടെത്തിയത്. 18 വോട്ടുകൾ നോട്ട നേടി. പത്ത് റൗണ്ട് വരെ ശരാശരി പത്ത് വോട്ടുകൾക്ക് എസ്.എഫ്.ഐ സ്ഥാനാർഥി ലീഡ് നിലനിർത്തി. ഇതോടെ പ്രവർത്തകർ മുദ്രാവാക്യം വിളികളാരംഭിച്ചു. 4.20ന് വോട്ടെണ്ണൽ പൂർത്തിയാക്കുമ്പോൾ അനിരുദ്ധന്റെ വിജയം മൂന്ന് വോട്ടുകൾക്കായിരുന്നു. നിയുക്ത ചെയർമാനെ എടുത്തുയർത്തി മുദ്രാവാക്യം വിളികളോടെ എസ്.എഫ്.ഐ പ്രവര്ത്തകര് കാമ്പസിലും പിന്നീട് നഗരത്തിലും ആഹ്ലാദപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.