കുന്നംകുളം: ആറുവയസ്സുകാരനെ മിഠായി വാങ്ങിത്തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ 13 വർഷം കഠിന തടവിനും 20,500 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. നാട്ടിക ചാഴുവീട് പ്രകാശനെയാണ് (42) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സൈക്കിളിൽ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. പ്രതി കുട്ടിയെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടു. വീട്ടുകാരെ അറിയിക്കുകയും കുട്ടിയുടെ മാതാപിതാക്കൾ വലപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയുമായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് അഡ്വ. അമൃത, അഡ്വ സഫ്ന എന്നിവരും ഹാജരായി. 19 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.
വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന വി.പി. അരിസ്റ്റോട്ടിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിട്ടുള്ളത്. പിന്നീട് വലപ്പാട് ഇൻസ്പെക്ടർ ആയിരുന്ന ഇ. നൗഷാദ് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനെ സഹായിക്കാൻ വലപ്പാട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ മിഥുൻ വഴക്കുളവും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.