കുന്നംകുളം: ചൊവ്വന്നൂർ ആംബുലൻസ് അപകടത്തിൽ ഫോറൻസിക് വിഭാഗം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഘം പന്തല്ലൂരിലെത്തിയത്. നിയന്ത്രണംവിട്ട ആംബുലൻസ് ആദ്യം ഇടിച്ച കല്ലിലും മറ്റു മരങ്ങളിലും സമീപ മതിലിൽനിന്നും വാഹനത്തിന്റെ ഭാഗങ്ങൾ ശേഖരിച്ചു.
തുടർന്ന് പരിക്കേറ്റവരുടെയും മരിച്ചവരുടെയും ചെരിപ്പുകളും മറ്റു വസ്തുക്കളും വാഹനവും പരിശോധിച്ചു. സയന്റിഫിക് ഓഫിസർ എസ്. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്.
അപകടകാരണം അറിയാനായി പരിസരവാസികളിൽനിന്നും വിവരങ്ങൾ അന്വേഷിച്ചു. സി.സി.ടി.വികൾ ഒന്നുംതന്നെ സംഭവസ്ഥലത്ത് ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ല. ബാങ്കിന് മുന്നിലെ കാമറകൾ പരിശോധിച്ചെങ്കിലും അപകടകാരണങ്ങൾ കണ്ടെത്താനായില്ല.
കുന്നംകുളം പൊലീസ് സ്റ്റേഷൻ എ.എസ്.ഐ ജോസും സംഘത്തോടൊപ്പം സ്ഥലത്തെത്തി. കൂടുതൽ പരിശോധനക്കായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച എത്തുന്നുണ്ട്. സംഭവത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവർ മരത്തംകോട് മാട്ടത്തിൽ വലിയാരം വീട്ടിൽ സുഹൈബിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കുന്നംകുളം പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ മോട്ടോർ വാഹന വകുപ്പ് ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി.
അമിതവേഗവും അശ്രദ്ധയുമാണ് അപകട കാരണമായതെന്ന് കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജ് വ്യക്തമാക്കി. ഇപ്പോഴും ഡ്രൈവർ ഭാഗികമായി അബോധാവസ്ഥയിൽ കഴിയുന്നതിനാൽ കൂടുതൽ ഒന്നുംതന്നെ ചോദിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ അപകടാവസ്ഥയിൽ തുടരുകയാണ്.
അമല ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. വാരിയെല്ലുകൾക്ക് ക്ഷതം ഏറ്റു. സംഭവസമയം ആംബുലൻസിൽ ഡ്രൈവറുടെ കാബിനിൽ ഉണ്ടായിരുന്ന ഫാരിസ്, സാദിഖ് എന്നിവർ അപകടനില തരണം ചെയ്തു. എങ്കിലും അപകടത്തെ സംബന്ധിച്ച് ഒന്നും വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച പുലർച്ച ഒന്നോടെയായിരുന്നു അപകടം. അപകടത്തിൽ ചാവക്കാട് ബ്ലാങ്ങാട് ഇളയേടത്ത് പുത്തൻവീട്ടിൽ ഫദലുൽ ആബിദ്, ഭാര്യ ഫെമിന, മരത്തംകോട് കൈകുളങ്ങര റഹ്മത്ത് എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.