കുന്നംകുളം: മുനിസിപ്പൽ ഓഫിസിന് മുൻവശത്തെ ശിവക്ഷേത്രം റോഡിൽ യുവാവ് ഗതാഗത തടസ്സം സൃഷ്ടിച്ചതിനെ തുടർന്ന് സംഘർഷം. പൊതുസ്ഥലത്ത് മാർഗതടസ്സം സൃഷ്ടിച്ചതിനും നഗരസഭ മുൻ ചെയർമാനെ മർദിച്ചതിനും യുവാവ് അറസ്റ്റിൽ. കേച്ചേരി ഫിറോസ് മൻസിലിൽ മുഹമ്മദ് റെയ്സ് (20) ആണ് അറസ്റ്റിലായത്.
മർദനമേറ്റ നഗരസഭ മുൻ ചെയർമാൻ ചെയർമാൻ പി.ജി. ജയപ്രകാശ് (50) താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജാമ്യത്തിലിറങ്ങിയ മുഹമ്മദ് റെയ്സും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ പതിനൊരന്നോടെയാണ് സംഭവം. മാതാവിനെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറെ കാണിക്കാനെത്തിയ മുഹമ്മദ് റെയ്സ് റോഡിൽ കാർ നിർത്തിയതാണ് സംഘർഷത്തിന് കാരണമായത്. അതുവഴി വന്ന എ.സി. മൊയ്തീൻ എം.എൽ.എയുടെയും സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് വരുന്ന മറ്റു ജനപ്രതിനിധികളുടെയും കാറുകൾ കടന്നുപോകാൻ കഴിയാത്ത തരത്തിലാണ് യുവാവ് കാർ നിർത്തിയത്.
വാഹനം ഒതുക്കിനിർത്താൻ എം.എൽ.എയും മറ്റു ജനപ്രതിനിധികളും കാറിൽനിന്ന് ഇറങ്ങി വന്ന് ആവശ്യപ്പെട്ടു. എന്നാൽ, അതിന് തയാറാകാതെ അസഭ്യം പറഞ്ഞെന്നാണ് പരാതി. ഇതോടെ ഓടിക്കൂടിയവരും യുവാവും തമ്മിൽ തർക്കമായി. ഇതിനിടെ മുൻ ചെയർമാനെ ഇയാൾ മർദിച്ചെന്നാണ് പരാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.