കുന്നംകുളം: സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്കിടയിൽ നടന്ന ലോക്കൽ സെക്രട്ടറി തെരഞ്ഞെടുപ്പിലും വിഭാഗീയത. പോർക്കുളം ലോക്കൽ സെക്രട്ടറി തെരഞ്ഞെടുപ്പിലാണ് ഔദ്യോഗിക പക്ഷത്തെ സ്ഥാനാർഥിക്കെതിരെ വോട്ടെടുപ്പിലൂടെ ഡി.വൈ.എഫ്.ഐ ജില്ല നേതാവ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറിനെ സെക്രട്ടറിയാക്കാനാണ് നേതൃത്വത്തിെൻറ നിർദേശം നിലനിന്നിരുന്നത്. അതിനെ മറികടന്ന് അംഗങ്ങളിൽ ഉണ്ടായിരുന്ന എതിർപ്പാണ് ലോക്കൽ കമ്മിറ്റിയിലെ യുവ നേതാവിെൻറ പേര് ഉയർന്നുവരാൻ ഇടയാക്കിയത്. ഇതോടെ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കെ.എം. നാരായണനെതിരെ നിർദേശിക്കപ്പെട്ട ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.എസ്. ഷാനുവാണ് നറുക്കെടുപ്പിലൂടെ സെക്രട്ടറിയായത്. 15 അംഗ ലോക്കൽ കമ്മിറ്റിയിൽ പോർക്കുളം പോസ്റ്റ് ഒാഫിസ്, കൊങ്ങണൂർ ബ്രാഞ്ചിലെ രണ്ട് അംഗങ്ങൾ നിഷ്പക്ഷത പാലിച്ചപ്പോൾ അക്കിക്കാവ് ബ്രാഞ്ചിലെ ഒരംഗം വിട്ടുനിന്നതും ശ്രദ്ധേയമായി.
ആറു വീതം അംഗങ്ങൾ നാരായണനേയും ഷാനുവിനേയും പിന്തുണച്ചതോടെ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ഒടുവിൽ നറുക്കെടുപ്പും വേണ്ടിവന്നു. കമ്മിറ്റി യോഗത്തിൽ പഞ്ചായത്തിലെ മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. നിലവിലെ ലോക്കൽ സെക്രട്ടറി അഡ്വ. രാമകൃഷ്ണൻ പഞ്ചായത്ത് പ്രസിഡൻറായതോടെ ഇരട്ട പദവികൾ ഒരേ സമയം വഹിക്കാൻ പാടില്ലെന്ന പാർട്ടി നിർദേശമാണ് ഒടുവിൽ പുതിയ സെക്രട്ടറിയിലേക്ക് എത്തിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചതോടെ ലോക്കൽ സെക്രട്ടറിയുടെ ഇരട്ട പദവികൾ അംഗങ്ങൾ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പാർട്ടി നിർദേശം നടപ്പാക്കാൻ വൈകിയതോടെയാണ് ലോക്കൽ സമ്മേളനം മുന്നിൽ കണ്ട് സെക്രട്ടറിയെ മാറ്റാനും തീരുമാനമെടുത്തത്. സി.പി.എമ്മിെൻറ കുത്തക കേന്ദ്രമായ അകതിയൂർ വാർഡ് ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി പിടിച്ചെടുത്തതും ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
സി.പി.എം ജില്ല നേതാവിെൻറ വാർഡും കൂടിയായ അകതിയൂർ നഷ്ടമായത് പാർട്ടിക്ക് ക്ഷതമായിരുന്നു. കഴിഞ്ഞ ഭരണകാലത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രതിനിധാനം ചെയ്തിരുന്ന വാർഡ് സി.പി.എമ്മിന് നഷ്ടമായത് തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ നടന്ന യോഗത്തിലും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടയിൽ പുതിയ സെക്രട്ടറിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ടി വന്നതിലും വിഭാഗീയത നിഴലിക്കുന്നുണ്ട്. ഔദ്യോഗിക നേതൃത്വം നിർദേശിച്ചയാളെ ലോക്കൽ സെക്രട്ടറിയാക്കുന്നതിൽ ഔദ്യോഗിക പക്ഷക്കാരിൽ കടുത്ത എതിർപ്പ് ഉണ്ടായിരുന്നതായും പ്രവർത്തകരിൽ സംസാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.