കുന്നംകുളം: ലോക്സഭ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ എന്നെന്നേക്കുമായി മാറ്റമുണ്ടാകുമെന്ന് ബി.ജെ.പിയുടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ കുന്നംകുളത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുന്നംകുളം സന്ദർശനത്തിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് വിനിയോഗിച്ചാണ് കേരള വികസനം നടത്തുന്നത്. 2047 ആവുന്നതോടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടാണ് ബി.ജെ.പിക്കുള്ളത്. ഒരു വിവേചനവുമില്ലാതെ എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ മോദി കേരളീയർക്ക് എത്തിച്ചെന്നും പ്രകാശ് ജാവ്ദേക്കർ കൂട്ടിച്ചേർത്തു.
യു.ഡി.എഫിനും എൽ.ഡി.എഫിനും ഭാവിയില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രായോഗികമായി സഖ്യകക്ഷികളാണ് ഇരുവരും. ഇവിടെ കേരളത്തിലും തന്ത്രപരമായി ഒരുമിച്ചാണ്. കേരളത്തിൽ ഇരുമുന്നണി പ്രവർത്തകരും ശത്രുക്കളായി പരസ്പരം കാണുമ്പോൾ യെച്ചൂരിയും രാഹുലും ഒന്നുചേർന്നാണ് പോകുന്നത്.
കോൺഗ്രസ്-സി.പി.എം രാഷ്ട്രീയ നേതാക്കളിൽ കുടുംബാധിപത്യമാണ് നടക്കുന്നതെന്നും ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾ കേരളത്തിലും മാറ്റം ആഗ്രഹിക്കുന്നതായും അദ്ദേദഹം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, മധ്യമേഖല അധ്യക്ഷൻ അനീഷ് എയ്യാൽ, ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, സ്ഥാനാർഥി ഡോ. ടി.എൻ. സരസു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.