കുന്നംകുളം: നഗരസഭ തുറക്കുളം മത്സ്യ മാർക്കറ്റിലെ സംയുക്ത ട്രേഡ് യൂനിയൻ ഓഫിസ് കുത്തിത്തുറന്ന് 14.5 ലക്ഷം കവർച്ച നടത്തിയ കേസിലെ പ്രതിയായ ഐ.എൻ.ടി.യു.സി തൊഴിലാളി പിടിയിൽ. വെള്ളറക്കാട് വെള്ളത്തേരി കൈകുളങ്ങര വീട്ടിൽ നൂർദ്ദീനെ (42) ആണ് കുന്നംകുളം സിഐ യു.കെ ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് എട്ട് ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.
ഇതിൽ രണ്ട് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. കൈവശമുണ്ടായിരുന്ന ആറു ലക്ഷവും ബാങ്കിൽ നിക്ഷേപിച്ചതിന്റെ തെളിവുകളുമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 30ന് രാത്രിയാണ് കവർച്ച നടന്നത്. പിറ്റേദിവസം രാത്രി ഏഴോടെ യൂനിയൻ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഞായറാഴ്ച മാർക്കറ്റ് അവധിയായതിനാൽ മാർക്കറ്റിൽ ആരും ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രി ഒമ്പതരയോടെ എത്തിയ പ്രതി മുഖം മൂടി ധരിച്ച് സമീപ പറമ്പിലൂടെ എത്തി ഓഫിസിന്റെ മതിലിൽ കയറി. സ്ഥാപനത്തിന് മുന്നിലെ സി.സി.ടിവി കാമറ തല്ലി തകർത്ത് മുകളിലേക്ക് തിരിച്ചു വെച്ചു.
പിന്നീട് കമ്പിപ്പാര കൊണ്ട് പൂട്ട് തകർത്ത് അകത്തു കയറി ഓഫിസിനുള്ളിലെ മൂന്ന് അലമാരകളിലായി സൂക്ഷിച്ച പണം കട്ടർ ഉപയോഗിച്ച് പൊളിച്ച് മോഷ്ടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിന് മൊഴി നൽകി. മേഖലയിലെ സി.സി ടിവി കാമറകളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പണം സൂക്ഷിക്കുന്ന വിവരം വ്യക്തമായി അറിയാവുന്നയാൾ തന്നെയാണ് മോഷ്ടാവെന്ന് പൊലീസിന് വ്യക്തമായിരുന്നു. പിറ്റേന്ന് അവധിയെടുത്ത പ്രതി ചൊവ്വാഴ്ച മുതൽ മാർക്കറ്റിൽ ജോലിക്ക് എത്തിയിരുന്നു.
ബാങ്ക് വായ്പ എടുത്ത് കടം കൂടിയ ബാധ്യത വന്നതിനാലാണ് കവർച്ച നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.