കുന്നംകുളം: ചൊവ്വന്നൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉദയം കുടുംബശ്രീക്ക് കീഴിലുള്ള ‘മുറ്റത്തെ മുല്ല’ വായ്പ പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പിൽ ബാങ്ക് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത ഷിബു, കുടുംബശ്രീ സെക്രട്ടറി പ്രമീള, കാണിപയ്യൂർ സർവിസ് സഹകരണ സൊസൈറ്റി സെക്രട്ടറി എം.എം നസീർ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. രജിത ഷിബുവും അംഗൻവാടി അധ്യാപിക കൂടിയായ പ്രമീളയും ഗ്രൂപ്പ് 8ൽ നിന്ന് പത്ത് ലക്ഷം രൂപ വായ്പ എടുത്തതിൽ പലിശയടക്കം 12 ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചിരുന്നു.
ബാങ്കിന്റെ നോട്ടിസ് ലഭിച്ച സമയത്താണ് കുടുംബശ്രീ അംഗങ്ങൾ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് കുന്നംകുളം എ.സി.പി മുമ്പാകെ പരാതി സമർപ്പിക്കുകയും സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് അന്വേഷണത്തിന് കൈമാറുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിനിടയിലും 25000 രൂപ വീതം 40 പേർക്ക് നൽകിയ പട്ടികയും നൽകിയ രേഖകളുടെയും തിരിച്ചടവിന്റെയും രേഖകളും രജിത ഷിബുവും പ്രമീളയും സ്റ്റേഷനിൽ സമർപ്പിച്ചിരുന്നില്ല. മൂന്നാഴ്ചയായിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് തട്ടിപ്പിന് ഇരയായവർക്ക് വേണ്ടി കാര്യമായ അന്വേഷണം ഇല്ലാത്ത സാഹചര്യത്തിലാണ് അഡ്വ. വി.ആർ. ഭവ്യ മുഖാന്തരം കുന്നംകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
തുടർന്ന് കുന്നംകുളം എസ്.എച്ച്.ഒയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടു. ഇതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വഞ്ചന കുറ്റം ചുമത്തി മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.