കുന്നംകുളം: മണ്ഡലത്തിൽ നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികൾ ഉൾപ്പെടെ തീരുമാനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കുന്നില്ലെന്ന രൂക്ഷ വിമർശനവുമായി എം.എൽ.എ. കുന്നംകുളത്ത് നടന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ എ.സി. മൊയ്തീൻ എം.എൽ.എ കടുത്തഭാഷയിൽ വിമർശനം ഉയർത്തിയത്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി റോഡുകൾ വെട്ടിപ്പൊളിച്ച് യാത്ര പലയിടത്തും ദുരിതമായെന്നും അതിന് പരിഹാരം കാണാൻ പലതവണ നിർദേശിച്ചിട്ടും അക്കാര്യത്തിൽ ഉദ്യോഗസ്ഥർ നിസ്സംഗത കാട്ടുകയാണെന്നും കുറ്റപ്പെടുത്തി.
കടവല്ലൂർ പഞ്ചായത്തിലെ തിപ്പിലശ്ശേരി-ചിറമനേങ്ങാട് റോഡിന്റെ കരാറുകാരൻ റോഡ് പൂർവസ്ഥിതിയിൽ ആക്കാത്തതിനാൽ കരാർ ഒഴിയുന്ന സാഹചര്യത്തിലായത് ഇതിന് ഉദാഹരണമാണ്. പദ്ധതിക്കായി ജലവകുപ്പ് വെട്ടിപൊളിച്ച റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ പൂർണമായും അടുത്ത ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്കി. അക്കിക്കാവ്-കേച്ചേരി റോഡിലെ കുടിവെള്ള പദ്ധതിക്കുള്ള പൈപ്പിടല്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും നിർദേശിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജല വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിച്ച് ചേർക്കാൻ അസി. എക്സി. എൻജിനീയറോട് ആവശ്യപ്പെട്ടു.
കുന്നംകുളം നഗരസഭ റോഡ് വികസനവുമായി ബന്ധപ്പെട്ട റിഹാബിലിറ്റേഷന്‍ കെട്ടിടത്തിന്റെ പ്ലാന്‍ കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എൻജിനീയര്‍ യോഗത്തില്‍ അവതരിപ്പിച്ചു. 15,000 സ്ക്വയര്‍ ഫീറ്റ് വിസ്തീർണത്തില്‍ നാല് നിലകളിലുള്ള കെട്ടിടത്തിന്റെ രൂപരേഖയാണ് തയാറാക്കിയിട്ടുള്ളത്. പാറയിൽ മാർക്കറ്റ് പരിസരത്തുനിന്ന് ചേരി നിവാസികളെ മാറ്റി പാർപ്പിച്ചയിടത്താണ് കെട്ടിടം നിർമിക്കുന്നത്. ഇതിനായി നേരത്തേ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കുന്നംകുളം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കുന്നംകുളം നഗരസഭ ചെയര്പേഴ്സൻ സീത രവീന്ദ്രന്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഐ. രാജേന്ദ്രന്, ടി.ആര്. ഷോബി, അഡ്വ. കെ. രാമകൃഷ്ണന്, ഇ.എസ്. രേഷ്മ, നോഡല്‍ ഓഫിസര്‍ വി.കെ. ശ്രീമാല തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.