കുന്നംകുളം: പ്രവാസ ജീവിതത്തിന് ശേഷം ചെണ്ടയിൽ താളമിട്ട് മികവറിയിച്ച 60കാരനായ പുലിക്കോട്ടിൽ സ്റ്റീഫൻ ക്ഷേത്ര സന്നിധിയിൽ പഞ്ചാരിമേള അരങ്ങേറ്റം നടത്തി. കക്കാട് മഹാഗണപതി ക്ഷേത്രസന്നിധിയിലായിരുന്നു അരങ്ങേറ്റം. ചാലിശ്ശേരി സ്വദേശിയായ ഇദ്ദേഹം ചെണ്ട വാദ്യത്തിലാണ് മേള രംഗത്തെത്തുന്നത്.
ഗ്രാമത്തിൽ ഫുട്ബാൾ രംഗത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിറസാന്നിധ്യമായ സ്റ്റീഫൻ കാൽപന്ത് കളിയെ പ്രണയിച്ചത് പോലെ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമായിരുന്നു ചെണ്ടമേളം ശാസ്ത്രീയമായി പഠിക്കുകയെന്നത്.
30 വർഷം പ്രവാസിയായിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടിൽ വരുമ്പോൾ ചെണ്ട വാങ്ങി സ്വയം പരിശീലനം നടത്തുകയായിരുന്നു. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി കഴിഞ്ഞ നാലുവർഷമായി തുടർച്ചയായി വീട്ടിൽ പരിശീലനത്തിലേർപ്പെട്ടു. ശബ്ദം പുറത്തേക്ക് പോകാതിരിക്കുവാൻ ചെണ്ടയിൽ നനഞ്ഞ തുണി ഇട്ടായിരുന്നു പരിശീലനം.
കഴിഞ്ഞ ജനുവരിയിലാണ് കക്കാട് വാദ്യകലാക്ഷേത്രത്തിൽ ചേർന്ന് രാജപ്പൻമാരാരുടെ ശിക്ഷണത്തിൽ പരിശീലനം ആരംഭിച്ചത്.
അരങ്ങേറ്റം കുറിച്ച 17 പേരിൽ പ്രായത്തിൽ ഏറ്റവും സീനിയറായിരുന്നു സ്റ്റീഫൻ. 70ഓളം വാദ്യ കലാകാരൻമാർ അരങ്ങേറ്റത്തിൽ അണി നിരന്നു.
ഇദ്ദേഹം എഫ്.സി കേരള തൃശൂരിന്റെ മുൻ മാനേജർ, ചാലിശേരി മാർവ്വൽ ഫുട്ബാൾ ക്ലബിന്റെ കോച്ച് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അരങ്ങേറ്റം കാണാൻ മുൻ എം.എൽ.എ വി.ടി. ബൽറാം ഉൾപ്പെടെ നിരവധി കായിക പ്രേമികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.