ഒരുകാലത്ത് തൃശൂരിന്റെ പ്രതാപത്തിന്റെ ചിഹ്നങ്ങളായിരുന്നു സ്പിന്നിങ് മില്ലുകൾ. കേവലം തൊഴിൽ ശാലകൾ മാത്രമല്ല, ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ കളരികൾ കൂടിയായിരുന്നു ഇവിടം. തുടരെ പൊട്ടിപ്പോകുന്ന നൂലിഴകളെപോലെയാണ് ഇപ്പോൾ ഇവിടത്തെ തൊഴിലാളികളുടെ ജീവിതം.
അതിൽപ്പെട്ടുഴലുന്ന ആയിരക്കണക്കിന് ജീവിതങ്ങൾ. ഫെബ്രുവരി ആറോടെ വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിങ് മില്ലിനുകൂടി താൽക്കാലികമായി പൂട്ടുവീണു. സർക്കാർ പണം നൽകിയാൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രതിമാസം 55 ലക്ഷം നഷ്ടത്തിലാണ് ഓടിയിരുന്നത്. ജില്ലയിൽ നാഷനൽ ടെക്സ്റ്റെയിൽസ് കോർപറേഷന് കീഴിലെ അളഗപ്പ സ്പിന്നിങ് മില്ലും കേരള ലക്ഷ്മി മില്ലും പൂട്ടിയിട്ട് മൂന്നുവർഷമായി.
പൂങ്കുന്നത്തെ സർക്കാർ ഉടമസ്ഥയിലെ സീതാറാം സ്പിന്നിങ് മിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടെ വിരമിച്ചവർക്കുള്ള ആനുകൂല്യം വിതരണം ചെയ്തിട്ടില്ല. രാജഗോപാൽ, വനജ, നാട്ടിക ട്രിക്കോട്ട് തുടങ്ങി ജില്ലയിലെ സ്വകാര്യമേഖലയിലെ മില്ലുകൾ നേരത്തെ പൂട്ടിപ്പോയിരുന്നു. ദുരിത ദിനങ്ങളിലൂടെ കടന്നുപോകുന്ന തൊഴിലാളി ജീവിതവും നഷ്ടത്തിന്റെ പടുകുഴിയിലെത്തിച്ച നാൾ വഴികളിലേക്ക് ‘മാധ്യമം’ലേഖകൻ പി.പി. പ്രശാന്ത് നടത്തുന്ന യാത്ര.
എക്കാലവും അഴിമതിക്കും കെടുകാര്യസ്ഥതക്കും വിധേയമാകാൻ മാത്രമായി ഒരു സ്പിന്നിങ് മില്ലുണ്ടെങ്കിൽ അതിന്റെ പേര് വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിങ് മിൽ എന്നാണ്. നാല് പതിറ്റാണ്ടിനിടെ ആ പട്ടം ചാർത്തപ്പെട്ടില്ലായിരുന്നെങ്കിൽ സംസ്ഥാനത്തെ വികസന വ്യവസായ സ്ഥാപനങ്ങളുടെ പട്ടികയിൽ തിളങ്ങിനിന്നേനെ. അഴിമതി ആരോപണങ്ങൾ ഈ മില്ലിന് പുത്തരിയല്ല.
പക്ഷേ, അത് അവകാശമായി എടുത്തതാണ് ഈ സ്പിന്നിങ് മില്ലിന്റെ തകർച്ചക്ക് കാരണമായതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു. ഇറ്റലിക്ക് പോലും ഇവിടെ നിന്ന് നൂൽ കയറ്റി അയച്ചിരുന്നിടത്ത് ഇപ്പോൾ പ്രതിമാസം 55 ലക്ഷം രൂപ നഷ്ടത്തിലാണ് ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നത്. പഞ്ഞിവാങ്ങാൻ പണമില്ലാത്തതിനാൽ പകുതി മാസം മാത്രമേ പ്രവർത്തനമുള്ളൂ. ഇപ്പോഴിതാ പണമെത്തും വരെ മിൽ പൂട്ടിയിട്ടിരിക്കുകയാണ്.
വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി.സി. ചാക്കോയാണ് മില്ലിന് തറക്കല്ലിട്ടത്. 1981ൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ആദ്യം 12,000 സ്പിൻഡിൽസ് (തണ്ടിൽ ചുറ്റിയ നൂലുണ്ടകൾ) ഉൽപാദനം. 1983-84 കാലഘട്ടത്തിൽ നൂൽ ഇറ്റലിയിലേക്ക് കയറ്റി അയച്ചു തുടങ്ങി. 1992ൽ യു.ഡി.എഫ് ഭരണകാലത്ത് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണമാക്കി.
പബ്ലിക് ഓഡിറ്റ് ആവശ്യമില്ലാതിരുന്ന ആ കാലം മുതൽ തുടങ്ങി, ഏകാധിപത്യഭരണം. സ്വന്തം താൽപര്യക്കാരെ തിരുകിക്കയറ്റലും നൂല് വാങ്ങലിലും പഞ്ഞിവിൽക്കലിലും ഉള്ള ‘താൽപര്യ’ങ്ങളും ചോദ്യം ചെയ്യാത്ത യൂനിയൻ നേതൃത്വവും പുരോഗതി ലക്ഷ്യമിട്ട പ്രവർത്തനങ്ങളെ കീഴോട്ടു ചലിപ്പിച്ചു. നഷ്ടം കുമിഞ്ഞുകൂടിത്തുടങ്ങി. 2001-03 കാലഘട്ടത്തിൽ കുറച്ച് മാസങ്ങൾ മാത്രമാണ് മില്ലിന് അറ്റാദായം ഉണ്ടാക്കാൻ സാധിച്ചത്. പിന്നീടിങ്ങോട്ട് പറയാൻ നഷ്ടക്കണക്കുകളേ ഉണ്ടായിരുന്നുള്ളൂ.
പിന്നീട് വന്ന ഉദ്യോഗസ്ഥൻമാരൊക്കെ മിൽ ഭരണം ശ്രദ്ധിക്കാതായി. അറ്റകുറ്റപ്പണിയും പരിപാലനവുമില്ലാതെ മെഷീനുകൾ നിറുത്താതെ ഓടിക്കൊണ്ടിരുന്നു. യന്ത്രങ്ങളുടെ ശേഷി കുറഞ്ഞു. നൂലിന്റെ ഗുണനിലവാരവും കുറഞ്ഞു. 2000-01 കാലത്തിൽ മിൽ ആധുനികവത്കരിക്കുകയും അതിന്റെ ഭാഗമായി ട്രുമാക് കാർഡ്സ്, സുസൻ ഏഷ്യ റിങ് ഫ്രെയിമുകൾ കമ്പനിയിലെത്തുകയും ചെയ്തു. അന്ന് നാല് സൂസൻ ഏഷ്യ യന്ത്രങ്ങൾ വാങ്ങി സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും മൂന്ന് മെഷീനുകളേ വാങ്ങിയുള്ളൂ.
അതിനാൽ ശേഷി 24288 സ്പിൻഡിൽസ് ആയി കുറഞ്ഞു. നഷ്ടക്കണക്കുകൾ കുമിയുകയും സർക്കാർ അനുവദിക്കുന്ന പണം ആരുടെയൊക്കെയോ കൈകളിലേക്ക് ചോരുകയും ചെയ്തു. ചെറിയ ആവശ്യങ്ങൾ സാധിപ്പിച്ച് യൂനിയൻ നേതൃത്വം കാഴ്ചക്കാരായി. അഡ്മിനിസ്ട്രേറ്റർ ഭരണകാലത്ത് സ്വന്തം സഹായികളാക്കിവെച്ച 42 ജീവനക്കാരെ ഒഴിവാക്കിയ തീരുമാനമാണ് എടുത്തുപറയാവുന്ന മികച്ച നേട്ടം.
ജില്ല സഹകരണ ബാങ്ക് ആദ്യകാലത്ത് 13 കോടി വായ്പ നൽകി. തിരിച്ചടവ് മുടങ്ങിയതോടെ കമ്പനിയുടെ 10 ഏക്കർ സ്ഥലം കൊടുത്ത് തീർപ്പാക്കി. കെ.എസ്.ഇ.ബിയിൽ വൈദ്യുതിത്തുക പലിശ അടക്കം 12 കോടി കൊടുക്കാനുണ്ട്. ഇടക്ക് ഫ്യൂസ് ഊരുമ്പോൾ കുറച്ച് പണമടക്കും.
നാഷനൽ ഹാൻഡ് ലൂം െഡവലപ്മെന്റ് കോർപറേഷൻ ധനസഹായത്തോടെ 35 കോടി രൂപ ചെലവിലാണ് മികച്ച നൂൽ ഉൽപാദിപ്പിക്കാനുള്ള പദ്ധതി കൊണ്ടുവന്നത്. ഇതിനായി രണ്ടര കോടി രൂപയുടെ യന്ത്രവും എത്തി. 10 ലക്ഷം മുടക്കിയാൽ 50 ലക്ഷം ഉണ്ടാക്കാവുന്ന മാർക്കറ്റായിരുന്നു പദ്ധതി വഴി തുറന്നത്. ഉൽപാദിപ്പിക്കുന്ന നൂലിന് നല്ല വിലയും കിട്ടിയിരുന്നു. 2018ൽ ലാഭകരമല്ലെന്ന് എം.ഡി ആയിരുന്ന ശശീന്ദ്രൻ കണ്ടെത്തി പദ്ധതിയെ ഫ്രീസറിലാക്കി.
സർക്കാറിൽനിന്ന് കാലാകാലങ്ങളിൽ ലഭിച്ചിരുന്ന ധനസഹായം കൊണ്ടാണ് മിൽ പ്രവർത്തിച്ചിരുന്നത്. നല്ല പഞ്ഞി ലഭിക്കാനില്ലെന്നും ഉൽപാദനം കുറവാണെന്നും പറഞ്ഞ് കോട്ടൺ, പോളിയസ്റ്റർ ബ്ലെൻഡ് യാൺ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ മുതൽ നാശവും തുടങ്ങി. പോളിയസ്റ്റർ ഓടിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കുറേ മെഷീനുകൾ ദീർഘകാലം നിറുത്തിയിട്ട് കേടുവരുത്തി. അവസാനം അവ ആക്രി വിലയ്ക്ക് വിറ്റ് തുലച്ചു.
2022 മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് പുതുതായി കോട്ടൺ നൂലുൽപാദനത്തിന് മെഷീൻ ഓടിക്കാനായി പോളിയസ്റ്റർ കോട്ടൺ ബ്ലൻഡഡ് നൂലുൽപാദനം നിറുത്തി കോട്ടണിലേക്ക് മാറിയത്. കോട്ടണിലേക്ക് മാറണമെങ്കിൽ യന്ത്രസാമഗ്രികളിൽ അതിന്റെതായ മാറ്റം വരുത്തണമായിരുന്നു. അതിന്റെ ഭാഗമായി ഉണ്ടാക്കിയ നൂൽ വിൽക്കാൻ പറ്റാതെയും നടപടിയിലെ അപാകത കൊണ്ട് അര കോടിയിലേറെ രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്.
37 കോടി രൂപയുടെ കേന്ദ്രഫണ്ട്, ആധുനികവത്കരണത്തിന് വർഷങ്ങൾക്ക് മുമ്പേ അനുവദിച്ചതാണെങ്കിലും കിട്ടി പൂർത്തിയായത് കഴിഞ്ഞവർഷമാണ്. സംസ്ഥാന സർക്കാർ വഴി ഗഡുക്കളായാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി കോടികൾ വിലയിട്ട എട്ട് കൂറ്റൻ യന്ത്രങ്ങൾ മില്ലിലെത്തി.
ഇവ യഥാക്രമം ഉപയോഗിച്ചിരുന്നെങ്കിൽ രാജ്യത്തെ മികച്ച നേട്ടം കൊയ്യുന്ന മില്ലുകളിലൊന്നാകുമായിരുന്നു. എന്നാൽ വിധി മറ്റൊന്നായിരുന്നു. ശാസ്ത്രീയമായി വിന്യസിക്കാൻ ഇടം കണ്ടെത്തും മുമ്പേ യന്ത്രങ്ങളുടെ വാങ്ങൽ ഇടപാടിലായിരുന്നു മാനേജ്മെന്റിന്റെ കണ്ണ്. അവ പ്ലാന്റിലെത്തിക്കഴിഞ്ഞപ്പോഴാണ് എവിടെ സ്ഥാപിക്കണം എന്നത് ചിന്തിക്കുന്നത്. 2021ൽ അടിത്തറയും മുറിയും പണിയും മുമ്പേയെത്തിയ അതിന്യുതന സാങ്കേതിക വിദ്യയോടുകൂടിയ സ്പിന്നിങ് യന്ത്രങ്ങൾ സിമന്റ് പൊടിക്കിടയിൽ കൊണ്ടിട്ടു.
വൈകാതെ ഈ പുത്തൻ യന്ത്രങ്ങൾ സിമന്റ് പൊടിക്കിടയിൽ കിടക്കുന്നത് വേദനയോടുകൂടിയാണ് ജീവനക്കാർ കണ്ടുകൊണ്ടിരുന്നത്. അഞ്ച് കോടിയോളം വിലവരുന്ന രണ്ട് സ്പിന്നിങ് യന്ത്രങ്ങൾക്കായിരുന്നു ദുര്യോഗം. മാനേജ്മെന്റ് തലപ്പത്തുള്ളവർ മെഷീൻ വാങ്ങിക്കൂട്ടിയ ഇടപാടിൽ കോടികൾ കൈപറ്റിയെന്നും ആരോപണമുയരുന്നുണ്ട്.
നാളെ: ആക്രിവിലക്ക് കോടികളുടെ യന്ത്രങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.