ആമ്പല്ലൂർ: മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും പുതുക്കാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വ്യാഴാഴ്ചയും വെള്ളക്കെട്ട് തുടരുകയാണ്. മണലിപുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പുലക്കാട്ടുക്കര, മടവാക്കര, പാഴായി, തൃക്കൂർ കല്ലൂർപാടം വഴി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. നെൻമണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകര, തലവണിക്കര പ്രദേശങ്ങളിലെ വീടുകളും റോഡുകളും വെള്ളക്കെട്ട് ഭീഷണിയിലാണ്. രണ്ടടിയോളം വെള്ളം താഴ്ന്നെങ്കിലും വീട്ടുകാർക്ക് ഇവിടെയെത്താൻ കഴിയാത്ത അവസ്ഥയാണ്. പുഴ നിറഞ്ഞൊഴുകി കൂടുതൽ നാശം വിതച്ച പുലക്കാട്ടുകരയിലെ ഭൂരിഭാഗം കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. നിലവിൽ പുലക്കാട്ടുകരയിലെ റോഡുകളിലും പറമ്പുകളിലും ഒഴുക്ക് ശക്തമാണെന്ന് നാട്ടുകാർ പറയുന്നു.
പുതുക്കാട് പഞ്ചായത്തിലെ കേളി പ്രദേശത്ത് വെള്ളക്കെട്ട് തുടരുകയാണ്. ഇവിടെയുള്ള വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തെ 25 ഓളം വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പിലാണ്. ആമ്പല്ലൂർ വടക്കുമുറി, കനാൽ പരിസരം എന്നിവിടങ്ങളിലും വീടുകൾ വെള്ളക്കെട്ടിലാണ്.
കല്ലൂർ പാടം വഴി, കോനിക്കര പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ട്. അതേ സമയം മേഖലയിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് ഗതാഗതം ഭാഗികമായി സ്തംഭിച്ച സ്ഥിതിയാണ്. കല്ലൂർ പാടം വഴി, പാഴായി ഊരകം റോഡ്, ഞെള്ളൂർ റോഡ് എന്നിവിടങ്ങളിൽ ബസുകളും വലിയ വാഹനങ്ങളും മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്.
കൊടകര: മഴ കുറഞ്ഞതോടെ കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളിക്കുളം വലിയ തോട്ടിലെ ജലവിതാനം താഴ്ന്നതോടെയാണ് പാടങ്ങളില്‍നിന്ന് വെള്ളമിറങ്ങി തുടങ്ങിയത്. ചൊവ്വാഴ്ച പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്ന കോടാലി പാടശേഖരത്തില്‍നിന്ന് വെള്ളം ഏറെക്കുറെ പൂര്‍ണമായി ഇറങ്ങിയിട്ടുണ്ട്. അതേസമയം, മന്ദരപ്പിള്ളി, ചാഴിക്കാട്, വാസുപുരം പ്രദേശങ്ങളിലെ പാടങ്ങള്‍ ഇപ്പോഴും മുങ്ങിക്കിടക്കുകയാണ്. ഈ മേഖലയിലെ പാടശേഖരങ്ങളില്‍ നെല്കൃഷിയിറക്കാത്തതിനാല് നാശനഷ്ടം കുറവാണ്. വാഴത്തോട്ടങ്ങളില്‍ വെള്ളം കയറിയത് നേന്ത്രവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തി.
കേച്ചേരി: കനത്തമഴയെ തുടര്‍ന്ന് വെള്ളം കയറി ഗതാഗതം നിരോധിച്ച തൃശൂര്‍-കുന്നംകുളം പാതയില്‍ വാഹനഗതാഗതം പുനസ്ഥാപിച്ചു. പേമാരിയെ തുടര്‍ന്ന് ചൂണ്ടല്‍ മുതല്‍ തൂവ്വാന്നൂര്‍ വരെയുള്ള മേഖലയില്‍ വെള്ളം കയറിയതോടെയാണ് രണ്ടുദിവസം ഗതാഗതം പൂർണമായും കുന്നംകുളം പൊലീസ് നിരോധിച്ചത്. ബുധനാഴ്ച രാത്രിയോടെ റോഡിലെ ജലനിരപ്പ് താഴ്ന്നതോടെ വലിയ ചരക്ക് ലോറികൾ, ബസുകൾ ഉള്‍പ്പെടെയുള്ളവ കടത്തിവിടുകയായിരുന്നു.
ചെറിയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടര്‍ന്നെങ്കിലും അതും വ്യാഴാഴ്ച വൈകീട്ടോടെ കടത്തിവിടാൻ തുടങ്ങി. തകർന്ന റോഡിൽ ചിലദിവസങ്ങൾ വെള്ളം കയറിയതോടെ റോഡ് വീണ്ടും തകർന്ന് തരിപ്പണമായി. ശക്തമായ മഴക്ക് അൽപം ശമനം വന്നതോടെയാണ് പ്രധാന റോഡുകളിലെ വെള്ളം ഇറങ്ങിയത്.
ല ഉൾമേഖലകളിലെ റോഡുകളിലും വീടുകളിലും വെള്ളം കയറിയ അവസ്ഥ തുടരുകയാണ്. ചൂണ്ടൽ, കാട്ടകാമ്പാൽ പഞ്ചായത്ത് പ്രദേശങ്ങളിൽ വെള്ളം വീടുകൾക്കുള്ളിൽ കയറിയതിനാൽ 100ലധികം കുടുംബങ്ങൾ വിവിധ സ്കൂളുകളിൽ നടക്കുന്ന ക്യാമ്പുകളിലാണ്. ഇടക്കിടെ ഉണ്ടാകുന്ന മഴയും ജനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥയും വെള്ളക്കെട്ടും രൂക്ഷമായ സാഹചര്യത്തിൽ മുഴുവൻ സ്വകാര്യബന്ധുകളും നിരത്തിലിറങ്ങിയിട്ടില്ല. കുന്നംകുളം നഗരസഭ പ്രദേശങ്ങളിലും ചൂണ്ടൽ കാട്ടകാമ്പാൽ പഞ്ചായത്ത് പ്രദേശങ്ങളിലെ സ്കൂളുകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
തൃശൂർ: മഴ കുറഞ്ഞെങ്കിലും താമസയോഗ്യമല്ലാത്ത വീടുകളുടെ എണ്ണം കൂടിയതോടെ ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു. ഇതിനൊപ്പം വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന പ്രദേശങ്ങളെ കുടുംബങ്ങളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങളിലെ 7864 പേരാണ് വ്യാഴാഴ്ച ക്യാമ്പുകളിൽ കഴിയുന്നത്.അപകട മേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍നിന്നും താമസം മാറാൻ അവിടങ്ങളിലുള്ളവർ സന്നദ്ധരാകണമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു ജില്ലതല അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പകല്‍തന്നെ ക്യാമ്പുകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറണം. രാത്രി മാറുന്നത് പരമാവധി ഒഴിവാക്കണം.
ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. മണലി, കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് അപകട നിലയുടെ മുകളിലാണ്. ഭാരതപ്പുഴ-ചെറുതുരുത്തി, ആളൂര്‍ എന്നിവ മുന്നറിയിപ്പ് നിലയുടെ മുകളിലുമാണ്. പീച്ചി, വാഴാനി, ചിമ്മിനി, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട്, പെരിങ്ങല്‍കുത്ത് ഡാമുകളില്‍നിന്നും ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കടല്‍ക്ഷോഭം ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ അപകടമേഖലകളില്‍നിന്നും മാറി താമസിക്കണം. ജില്ലയില്‍ ജാഗ്രത സന്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും സാഹസികത കാണിക്കരുതെന്നും മന്ത്രി പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കലക്ടര്‍ അര്ജുന് പാണ്ഡ്യന്, എം.ഡി.എം ടി. മുരളി, അസി. കലക്ടര്‍ അതുല്‍ സാഗര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.