തൃശൂർ: ക്രമസമാധാന പാലനത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഗുണ്ടാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെയും സാമൂഹികവിരുദ്ധർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തൃശൂർ സിറ്റി പൊലീസ് പരിധിയിൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴുപേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചു.മണ്ണുത്തി പട്ടാളകുന്ന് വലിയകത്ത് വീട്ടിൽ അസീസിനെ (28) കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്ത് ഒരു വർഷത്തെ കരുതൽ തടങ്കലിനായി ജയിലിലടച്ചു.
മണ്ണുത്തി കൊഴുക്കുള്ളി കേലങ്ങത്ത് ജിഷ്ണു (21), കൊലപാതകം ഉൾപ്പെടെ നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ മണ്ണുത്തി കൊഴുക്കുള്ളി മലയൻവീട്ടിൽ രാജീവ് (21), നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ ചെറുതുരുത്തി കലാമണ്ഡലം ലക്ഷംവീട് കോളനി പാളയംകോട്ടുക്കാരൻ റജീബ് (25), വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഒല്ലൂർ ഇരവിമംഗലം പോലുവളപ്പിൽ റോഷൻ (41), വ്യാജ ചാരായ വാറ്റ്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളയം വലക്കാവ് അച്ചൻകുന്ന് തച്ചമ്പിള്ളി വീട്ടിൽ സുബീഷ് (37) എന്നിവരെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് നാടുകടത്തി. നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസിലും പ്രതിയായ പേരാമംഗലം, വരടിയം പ്രകൃതി മിച്ചഭൂമി ചീരക്കാട്ടുക്കുഴി വീട്ടിൽ രാഹുൽ (24) കാപ്പ നിയമപ്രകാരം അറസ്റ്റിലായി. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ പൊതു സമാധാന ലംഘന പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടുവന്ന 332 ആളുകളെ കണ്ടെത്തി ക്രിമിനൽ നടപടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇവർ വരുംകാലങ്ങളിൽ ക്രമസമാധാന, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയില്ലെന്ന് ജില്ല മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലവും ബോണ്ടും സമർപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട്, ജാമ്യത്തിലിറങ്ങി, ഒളിവിൽ കഴിഞ്ഞിരുന്ന 608 വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മയക്കുമരുന്ന് വിപണനം, ഉപയോഗം എന്നിവ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അനധികൃതമായി വലിയതുക പലിശ ഈടാക്കി പണം വായ്പ നൽകുന്നവരെ കണ്ടെത്തി, നിയമനടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് സമൂഹ സ്പർധയുണ്ടാക്കുന്നവരെ കണ്ടെത്താൻ ഇന്റർനെറ്റ് പട്രോളിങ് നടത്തുമെന്നും കമീഷണർ അറിയിച്ചു.
യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക്
നാല് വർഷം തടവ്
തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് നാല് വർഷം തടവും 5000 രൂപ പിഴയും. ഗുരുവായൂർ കോട്ടപ്പടി സ്വദേശികളായ തയ്യിൽ വീട്ടിൽ ബിനീഷ്, കൂലിയാട്ട് വീട്ടിൽ വിബിൽ വിബീഷ്, മഴുവഞ്ചേരി വീട്ടിൽ രാജേഷ്, മേച്ചേരി വീട്ടിൽ സൂരജ്, കലിയാട്ട് വീട്ടിൽ ആനന്ദൻ, താണപ്പറമ്പിൽ വീട്ടിൽ സുനിൽ എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷനൽ അസി. സെഷൻസ് ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്. 2011 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കോട്ടപ്പടി പൂക്കോട് വലിയപ്പുരക്കൽ വീട്ടിൽ ബബീഷ്, പറത്തിൽ വീട്ടിൽ സുധീഷ്, പറത്തിൽ വീട്ടിൽ സജീഷ് എന്നിവരെ പ്രതികൾ സംഘം ചേർന്ന് ഗുരുവായൂർ കോട്ടപ്പടി സെന്ററിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. ഒന്നാം പ്രതി ബിനീഷ്, സുധീഷുമായി വഴക്കു കൂടുന്നതു കണ്ട് പിടിച്ചുമാറ്റാൻ ചെന്ന വൈരാഗ്യത്തിലാണ് പ്രതികൾ കൈയിലുണ്ടായിരുന്ന മരവടികൊണ്ട് ബബീഷിന്റെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന സുധീഷിനെയും സജീഷിനെയും പ്രതികൾ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. ഗുരുവായൂർ പൊലീസ് സബ് ഇൻസ്പെക്ടറായ എസ്. ശ്രീജിത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. വിവേകാനന്ദൻ, അഭിഭാഷകരായ എം.പി. ഷിജു, രചന, ഡെന്നി, പി.എസ്. ഷൈൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.