സർക്കാറി​െൻറ കനിവുതേടി ലോറി ഉടമകൾ

തൃശൂർ: 'സർക്കാർ കനിയണം, പണമായിട്ടല്ല, സഹായമായിട്ട്. ഇല്ലെങ്കിൽ ആറ് ലക്ഷത്തോളം കുടുംബങ്ങളിൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ല'. സംസ്ഥാനത്തെ ലോറി ഉടമകൾ സർക്കാറിനോട്​ യാചിക്കുകയാണ്. കോവിഡ് പ്രതിരോധത്തി‍െൻറ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സർവിസ് നടത്താനാവാതെ ഷെഡിൽ കയറ്റിയിട്ടിരിക്കുകയാണ് ലോറികൾ.

രാജ്യത്ത് ഇനിയും ചരക്കുഗതാഗതം സാധാരണ നിലയിലാവാത്തതും അതിർത്തികടക്കുന്ന വാഹന ഡ്രൈവർമാർക്കും സഹായികളുമടക്കമുള്ളവർക്ക് ക്വാറൻറീൻ അടക്കമുള്ളവയും വേണ്ടിവരുന്നതിനാൽ സർവിസ് നടക്കുന്നില്ല. കേരളത്തിൽ മൂന്ന് ലക്ഷത്തിലധികം ലോറികളാണുള്ളത്. ലോറി ഉടമകളും തൊഴിലാളി കുടുംബങ്ങളുമായി ആറ് ലക്ഷത്തിലധികം കുടുംബങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജീവിക്ക​ുന്നവരാണ്.

പ്രതിമാസം ലോറികൾക്ക് അര ലക്ഷത്തോളം നികുതിയടക്കമുള്ളവയായി ചെലവുണ്ട്. ആറ് മാസത്തോളമായി സർവിസ് നടത്താനാവാത്ത ലോറികൾ നികുതിയൊടുക്കുകയും തൊഴിലാളികൾക്ക് സഹായങ്ങൾ ചെയ്യുകയുമാണ്. സ്വകാര്യ ടൂറിസ്​റ്റ്​ ബസുകൾ അടക്കമുള്ള ഗാരേജ് വാഹനങ്ങൾക്ക് നികുതിയൊടുക്കുന്ന സമയം ദീർഘിപ്പിക്ക​ുകയും മൂന്ന് മാസത്തെ നികുതി വേണ്ടെന്ന് വെക്കുകയും ചെയ്തപ്പോഴും ലോറികൾക്ക് ഈ സഹായം ചെയ്യാതിരുന്നത് ക്രൂരതയാണെന്ന്​ ലോറി ഉടമ സംഘടനകളുടെ ഏകോപനസമിതി ചെയർമാൻ പി.കെ. ജോൺ പറയുന്നു.

കടം വാങ്ങിയും പണയപ്പെടുത്തിയുമെല്ലാം ഓടാത്ത വാഹനത്തിന്​ നികുതിയൊടുക്കുകയാണിപ്പോൾ. പല കുടുംബങ്ങളും പട്ടിണിയായിക്കഴിഞ്ഞു. പണമായല്ല, നികുതിയിളവായും ഓടാനുള്ള സാഹചര്യമൊരുക്കിയുമുള്ള സഹായമാണ് തേടുന്നത്. സർക്കാർ മുഖംതിരിക്കരുതെന്നാണ് ഏകോപനസമിതിയുടെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.