തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഏതാനും മാസങ്ങളായി അടച്ചിട്ട ‘മിൽമ ഓൺ വീൽസ്’ ഇനി മിൽമ നേരിട്ട് നടത്തും. ഓണത്തിരക്ക് കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സിയുമായുള്ള കരാർ പുതുക്കുമെന്നും ബസ് നവീകരിച്ച ശേഷം വൈകാതെ തുറക്കുമെന്നും തൃശൂർ മിൽമ മാനേജർ സജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇനി മിൽമ നേരിട്ടായിരിക്കും ഇത് നടത്തുക.
മുമ്പ് നടത്തിപ്പ് ഏറ്റെടുത്ത കരാറുകാരനുമായ ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണമാണ് കുറച്ച് കാലമായി അടച്ചിടേണ്ടി വന്നത്. ഇപ്പോൾ കെ.എസ്.ആർ.ടി.സിയുമായുള്ള കരാർ പുതുക്കാനെടുക്കുന്ന സമയമാണ് പ്രശ്നം. ഒരു മാസത്തിനകം തുറക്കാനാകുമെന്നാണ് കരുതുന്നത്. അരലക്ഷയോളം രൂപ ചെലവ് വരുന്ന മോടിപിടിപ്പിക്കൽ നടത്താനുണ്ട്. മിൽമ ജീവനക്കാരെ വെച്ച് നടത്തിയാൽ മതിയെന്നാണ് തീരുമാനം. കെ.എസ്.ആർ.ടി.സി ബസുകൾ കയറി വരുന്ന സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന ബസ് മറ്റൊരിടത്തേക്ക് മാറ്റാൻ സ്ഥലത്തിന്റെ ലഭ്യത പ്രശ്നമുണ്ടെന്ന് മാനേജർ പറഞ്ഞു. എറണാകുളം മേഖല സഹകരണ ക്ഷീരോൽപാദക യൂനിയന്റെ നേതൃത്വത്തിൽ തൃശൂരിലാണ് ആദ്യമായി ‘മിൽമ ഓൺ വീൽസ്’ തുടങ്ങിയത്.
ഇത് ആദ്യഘട്ടത്തിൽ വിജയിച്ചതോടെ എറണാകുളത്ത് ഉൾപ്പെടെ തുടങ്ങി. സർവിസ് നടത്താൻ കഴിയാത്ത ബസുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ഇത് കെ.എസ്.ആർ.ടി.സിക്കും വരുമാനമാണ്. ശീതീകരിച്ച ബസിനുള്ളിൽ ഇരിപ്പിടങ്ങൾ ഒരുക്കിയും ഇന്റീരിയർ പ്രവൃത്തികൾ ചെയ്തുമാണ് ഒരുക്കുന്നത്. ചായയും ചെറുകടികളും ഇരുന്ന് കഴിക്കാം. വിവിധതരം ഐസ്ക്രീമുകളും ജ്യൂസുകളും ഉൾപ്പടെ മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഇവിടെനിന്ന് ലഭിക്കും. കൈ കഴുകാനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.