തൃശൂർ: അഞ്ചുവര്‍ഷത്തിലധികം കൂടെ താമസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. പെരുമ്പിലാവ് പുതിയഞ്ചേരികാവ് വലിയപീടികയില്‍ വീട്ടില്‍ അബൂതാഹിറിനെയാണ് (42) തൃശൂർ നാലാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.പിഴയടക്കാത്ത പക്ഷം ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം.
2015 സെപ്റ്റംബര്‍ 18ന് രാത്രി 11ന് പുതിയഞ്ചേരിക്കാവ് കൂട്ടുകളുത്തിന് സമീപത്തെ റോഡരികിലാണ് കൊലപാതകം നടന്നത്. വടക്കേക്കാട് കൊമ്പത്തേല്‍പ്പടി വാലിയില്‍ വീട്ടില്‍ മൊയ്തുണ്ണിയുടെ മകള്‍ ഷമീറയാണ് (34) കൊല്ലപ്പെട്ടത്. നേരത്തേ ഗുരുവായൂരില്‍ നടന്ന ഒരു കൊലപാതകശ്രമക്കേസില്‍ ഇരുവരും ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ അബൂതാഹിർ ഷമീറയുമായുള്ള ബന്ധം അവസാനിപ്പിച്ചു. എന്നാല്‍, സംഭവദിവസം കൊലപാതക കേസിെൻറ വിചാരണക്ക് പോകുംവഴി ഇരുവരും കണ്ടുമുട്ടുകയായിരുന്നു. അന്ന് രാത്രി ഷമീറക്കൊപ്പം സ്വന്തം വീട്ടില്‍ച്ചെന്ന അബൂതാഹിറിനെ പിതാവ് പുറത്താക്കി. തുടര്‍ന്ന് വേര്‍പിരിയുന്നത് സംബന്ധിച്ച് അബൂതാഹിറും ഷമീറയും റോഡില്‍വെച്ച് തര്‍ക്കത്തിലേര്‍പ്പെട്ടു. ബന്ധം വേർപ്പെടുത്തുന്നതിന് ഷമീറ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി പി. ലക്ഷ്മൺ വാദം നടത്തിയത്. പ്രോസിക്യൂഷന് ഭാഗത്തുനിന്നും 47 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. 31 സാക്ഷികളെയും വിസ്തരിച്ചു. കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.എ. കൃഷ്ണദാസാണ് കേസില്‍ അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.