തൃശൂർ: സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനീയേഴ്സ് സംഘടിപ്പിച്ച 'എയ്റോത്തോൺ' അഖിലേന്ത്യ ഓട്ടോണോമസ് ഡ്രോൺ നിർമാണ മത്സരത്തിനായി തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ നിർമിച്ച ഡ്രോണിന് ദേശീയ പുരസ്കാരം. മെക്കാനിക്കൽ വിദ്യാർഥികളായ ഡി. ഗണേഷ് (ടീം ക്യാപ്റ്റൻ), കെ.പി. ബിനയ്, ജയിംസ് തോമസ്, മറിയ ബിജു, സ്റ്റീവോ ബാബു, ദർശൻ രവീന്ദ്രൻ, തേജസ് ആന്റണി, കെ.ബി. അശോക്, അശ്വൽ ഷാജി, ടി. അനസ് എന്നിവരടങ്ങുന്ന സംഘം പ്രഫ. അൻവർ സാദിക്കിന്റെ മേൽനോട്ടത്തിലാണ് ഡ്രോൺ രൂപകൽപന ചെയ്തത്. വിദൂര നിയന്ത്രണത്തിലൂടെ നിശ്ചിത 'പേലോഡ്' ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ അഖിലേന്ത്യ തലത്തിൽ ഒന്നാം സ്ഥാനം നേടിയ സംഘം 25,000 രൂപ കാഷ് അവാർഡും കരസ്ഥമാക്കി.
നിർമിത ബുദ്ധിയുടെ സഹായത്തോടെ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ പ്രവർത്തിക്കാൻ കഴിവുള്ള ഡ്രോണിന് എന്തെങ്കിലും സാധനസാമഗ്രികൾ വഹിച്ച് സ്വയം പറന്നുയരാനും നിശ്ചിത ഉയരത്തിൽ പറന്ന് കമ്പ്യൂട്ടർ വിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം കണ്ടുപിടിച്ച് അവ അവിടെ നിക്ഷേപിച്ച് തിരികെ പ്രാരംഭസ്ഥാനത്ത് വന്നിറങ്ങാനും ശേഷിയുണ്ട്. സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ പ്രവർത്തിക്കുന്ന നോഡൽ സെന്റർ ഫോർ റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ (എൻ.സി.ആർ.എ.ഐ) സൗകര്യങ്ങളും സാങ്കേതിക സഹായവും ഉപയോഗിച്ചാണ് ഈ പ്രോജക്ട് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.