മതിലകം: ദേശീയപാതയിൽ അപകടം ഒഴിയാത്ത മതിലകം പൊലീസ് ക്വാർട്ടേഴ്സ് പരിസരം വൃത്തിയാക്കി യുവാക്കളും കുട്ടികളും. ഏതാനും ദിവസം മുമ്പ് റിട്ട. അധ്യാപകനും സാംസ്കാരിക പ്രവർത്തനുമായ എം.എ. സൈനുദ്ദീൻ മാസ്റ്റർ ബൈക്കിടിച്ച് മരിച്ച ഇവിടെ കഴിഞ്ഞദിവസം മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽപെട്ടിരുന്നു.
ഇതിനകം എണ്ണമറ്റ അപകടങ്ങൾ നടന്നു കഴിഞ്ഞ ഈ ഭാഗം ആളുകൾക്ക് പേടി സ്വപ്ന മാണിപ്പോൾ. റോഡരികിലേക്ക് കുറ്റിക്കാടുകൾ വളർന്നതിനാൽ കാൽനടക്കാർ റോഡിലേക്ക് കയറി നടക്കേണ്ട സ്ഥിതിയാണ്. പടർന്നുകയറിയ കുറ്റിക്കാട് വെട്ടിവെളുപ്പിച്ചു കൊണ്ടായിരുന്നു സന്നദ്ധ സേവനം.
മതിലകം ന്യൂവോളി ക്ലബ് പ്രവർത്തകരും മറ്റു സേവന സന്നദ്ധരായ യുവാക്കളും കുട്ടികളുമെല്ലാം ശ്രമദാനത്തിൽ പങ്കാളികളായി. എന്നാൽ, ഈ ഭാഗത്ത് ഉൾപ്പെടെ വർഷങ്ങൾക്ക് മുമ്പ് പണിത കാന ഇപ്പോഴും സ്ലാബിടാതെ തുറന്നുകിടക്കുകയാണ്.
ഇതറിയാതെ വാഹനങ്ങൾ അരികിലേക്ക് ഒതുക്കിയാൽ കാനയിൽ പതിക്കും. കാൽനടയാത്രക്കാരും കാനയിൽ വീഴാൻ സാധ്യതയേറെയാണ്. കാൽനട യാത്രക്കാർ ജീവഭയത്തോടെയാണ് ഇവിടെ റോഡ് മുറിച്ചുകടക്കുന്നത്. കാന മററിടങ്ങളിലും തുറന്ന് കിടക്കുകയാണ്. തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ അധികാരികൾ ജാഗ്രത കാണിക്കുന്നില്ലെന്നും പരാതിയുണ്ട്.
സൈനുദ്ദീൻ മാസ്റ്ററുടെ അപകട മരണത്തിന് ശേഷമാണ് ഇവിടത്തെ തെരുവുവിളക്ക് അധികാരികൾ അറ്റകുറ്റപ്പണി നടത്തിയത്. മതിൽ മൂല ഉൾപ്പെടെ ദേശീയപാതയിലും പലപഞ്ചായത്ത് റോഡുകളിലും തെരുവുവിളക്കുകൾ ഇടക്കിടെ മിഴിയടക്കുന്ന അവസ്ഥയുണ്ട്.
കുറ്റിക്കാട് വെട്ടിത്തെളിച്ചും കാനയുടെ മുകളിൽ സ്ലാബിട്ടും വാഹനങ്ങളുടെ വേഗത നിയന്ത്രണ ബോർഡും സ്ഥാപിച്ചും അപകടങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളോടൊപ്പം ഇടറോഡുകളിൽനിന്ന് കയറിവരുന്ന വാഹന ഡ്രൈവർമാരും ജാഗ്രത പാലിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.