പ്രകൃതിക്ഷോഭം; വരന്തരപ്പിള്ളിയില്‍ നശിച്ചത് 42 ഹെക്ടര്‍ നെല്‍കൃഷി

ആമ്പല്ലൂര്‍:  കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വെള്ളം കയറി വരന്തരപ്പിള്ളി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളില്‍ നശിച്ചത് 42 ഹെക്ടര്‍ നെല്‍കൃഷി. കരയാംപാടം, കൊളക്കാട്ടില്‍, നന്തിപുലം, ഉപ്പുഴി, മുപ്ലിയം പാടശേഖരങ്ങളിലാണ് വ്യാപകമായി നെല്‍കൃഷി നശിച്ചത്. കൃഷിയിറക്കിയ ശേഷം ഒരു മാസത്തിനിടെ മൂന്ന് തവണയാണ് പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായത്.

ഞാറ് നട്ടതും വിതച്ചതുമായ  കൃഷി  നശിച്ചു. പാടത്ത് ചെളിയും മാലിന്യങ്ങളും നിറഞ്ഞതോടെ വീണ്ടും നിലം ഒരുക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും വായ്പയെടുത്തവരുമായ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. കൃഷിഭവനില്‍ നിന്ന് സൗജന്യമായി വിത്ത് ലഭിച്ചെങ്കിലും പണിക്കൂലി ഉള്‍പ്പടെയുള്ള മറ്റ്‌ചെലവുകളുമായി ഒത്തുനോക്കുമ്പോള്‍ ഇത്തവണ കൃഷി നഷ്ടമാകുമെന്നാണ് പാടശേഖര സമിതി സെക്രട്ടറി പി.ജി. പുഷ്പാംഗധന്‍ പറയുന്നത്. കൃഷി നാശം സംഭവിച്ചതിനുശേഷം പുനര്‍നടീല്‍ നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.

ഒരു മാസം വൈകിയാണ് വീണ്ടും കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നത്. വിളവെടുപ്പിനും ഇത്രനാള്‍ തന്നെ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഇടവിളയായി ചെയ്യാറുള്ള പച്ചക്കറികൃഷിയും നഷ്ടത്തിലാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മൂന്ന് തവണയും കൃഷി ചെയ്യുന്ന കരയാംപാടം പാടശേഖരത്തിലെ കര്‍ഷകരാണ് ഏറെ ദുരിതമനുഭവിക്കുന്നത്.

മുണ്ടകന്‍ കൃഷി കഴിഞ്ഞാല്‍ വിഷുവിപണി ലക്ഷ്യമാക്കിയാണ് കര്‍ഷകര്‍ പച്ചക്കറി കൃഷി ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ കൊയ്ത്ത് കഴിഞ്ഞാണ് പച്ചക്കറി കൃഷി ചെയ്യാന്‍ കഴിയുക. വൈകിയതിനാല്‍ വിഷുവിന് പച്ചക്കറി വിളവെടുക്കാന്‍ കഴിയില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൃഷിനാശം സംഭവിച്ച വര്‍ക്ക് നഷ്ടപരിഹാര തുക കൂട്ടി നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Tags:    
News Summary - Natural disaster; In Varantharappilly, 42 hectares of paddy was destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.